ലാസ: നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ഉണ്ടായ ഭൂകമ്പത്തിൽ 53 മരണം. 62 പേർക്ക് പരിക്കേറ്റതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് റിപ്പോർട്ട് ചെയ്തത്.
എവറസ്റ്റ് മേഖലയുടെ വടക്കൻ കവാടം എന്നറിയപ്പെടുന്ന ഗ്രാമപ്രദേശമായ ടിൻഗ്രിയിൽ 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് ചൈനയുടെ ഭൂകമ്പ കേന്ദ്രം അറിയിച്ചു.
ടിബറ്റ്, ചൈന, ഇന്ത്യ, ഭൂട്ടാൻ എന്നീ നാല് രാജ്യങ്ങളിൽ വരെ പ്രകമ്പനം അനുഭവപ്പെട്ടു. രക്ഷാപ്രവർത്തനം തുടരുകയാണെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നുമാണ് വിവരം.
രാവിലെ ആറരയോടെയാണ് ആദ്യ ചലനം അനുഭവപ്പെട്ടത്. തുടർചലനങ്ങളും ഉണ്ടായി.റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനം രാവിലെ 7-ന് 10 കിലോമീറ്റർ ആഴത്തിലും 4.9 തീവ്രത രേഖപ്പെടുത്തിയ മൂന്നാമത്തെ ഭൂചലനം 7.07-ന് 30 കിലോമീറ്റർ ആഴത്തിലും രേഖപ്പെടുത്തിയതായി നാഷണൽ സെൻ്റർ ഫോർ സീസ്മോളജിയുടെ റിപ്പോർട്ടിൽ പറയുന്നു.
#WATCH | Kathmandu | An earthquake with a magnitude of 7.1 on the Richter Scale hit 93 km North East of Lobuche, Nepal at 06:35:16 IST today: USGS Earthquakes pic.twitter.com/MnRKkH9wuR
— ANI (@ANI) January 7, 2025
വീടിന്റെ ജനലുകളും മറ്റും കുലുങ്ങുന്നത് അനുഭവപ്പെട്ടതായി ദൃക്സാക്ഷികൾ പറയുന്നു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ അകലെ നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡു വരെ ഭൂചലനം അനുഭവപ്പെട്ടു. ഇന്ത്യയിൽ പട്ന, ഡൽഹി, സിലിഗുരി ഉൾപ്പടെയുള്ള ഉത്തരേന്ത്യൻ നഗരങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടിരുന്നു.