ഒട്ടാവ: കാനഡയിലെ ലിബറൽ പാർട്ടിയെ നയിക്കാൻ ഭാരത വംശജ എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. നിലവിലെ ഗതാഗതമന്ത്രി അനിത ആനന്ദിന്റെ പേരാണ് പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർന്നു കേൾക്കുന്നത്. ചൊവ്വാഴ്ചയാണ് ജസ്റ്റിൻ ട്രൂഡോ പ്രധാനമന്ത്രി പദത്തിൽ നിന്നും രാജി പ്രഖ്യാപിച്ചത്. ഇതിനൊപ്പം ലിബറൽ പാർട്ടിയുടെ അദ്ധ്യക്ഷ സ്ഥാനം ഒഴിയുകയും ചെയ്തു.
ട്രൂഡോയുടെ പടിയിറക്കത്തിന് പിന്നാലെ കനേഡിയൻ മാദ്ധ്യമങ്ങളിൽ പിൻഗാമിയെ കുറിച്ചുള്ള ചർച്ചകൾ സജീവമായി. റിപ്പോർട്ടുകൾ പ്രകാരം അനിതയുടെ പേരാണ് സജീവ പരിഗണനയിലുള്ളത്. ട്രഷറി ബോർഡ് പ്രസിഡൻ്റായിരുന്ന അനിത ആനന്ദിനെ കഴിഞ്ഞ സെപ്തംബറിലാണ് ഗതാഗത മന്ത്രിയായി നിയമിച്ചത്.
നോവ സ്കോട്ടിയയിൽ ജനിച്ചുവളർന്ന അനിത 1985-ലാണ് ഒൻ്റാറിയോയിലേക്ക് താമസം മാറിയത്. 2019-ൽ ഓക്ക്വില്ലെയിൽ നിന്നാണ് ആദ്യമായി പാർലമെൻ്റിൽ എത്തിയത്. 2019 മുതൽ 2021 വരെ പൊതുസേവന മന്ത്രിയായും ദേശീയ പ്രതിരോധ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജോൺ ആണ് ഭർത്താവ്. കനേഡിയൻ ഗവൺമെൻ്റിന്റെ വെബ്സൈറ്റ് പ്രകാരം ദമ്പതികൾക്ക് നാലുമക്കളുണ്ട്.
രാഷ്ട്രീയക്കാരി എന്നതിലുപരി അഭിഭാഷകയും ഗവേഷകയുമാണ് അനിത ആനന്ദ്. ടൊറൻ്റോ സർവകലാശാലയിലെ പ്രൊഫസറായിരിക്കെയാണ് രാഷ്ട്രീയ പ്രവേശം. ക്വീൻസ് യൂണിവേഴ്സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സ്റ്റഡീസിൽ ബിരുദം (ഓണേഴ്സ്), ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമശാസ്ത്രത്തിൽ ബിരുദം (ഓണേഴ്സ്), ടൊറൻ്റോ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം എന്നിവയാണ് അനിത ആനന്ദിന്റെ വിദ്യാഭ്യസ യോഗ്യതകൾ.