വയനാട്: താമരശ്ശേരി ചുരത്തിൽ നിന്നും ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. താമരശ്ശേരി ചുരത്തിലെ രണ്ടാം വളവിലാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇവരിൽ ഒരാളുടെ പോക്കറ്റിൽ നിന്നും എംഡിഎംഎ കണ്ടത്തിയതോടെ അധികൃതർ പൊലീസിനെ വിവരമറിയിച്ചു.
ഇന്ന് രാവിലെയാണ് അപകടം. കൈതപ്പൊയിൽ സ്വദേശികളായ ഇർഷാദും ഹത്തീഫും സഞ്ചരിച്ചിരുന്ന ഥാർ ജീപ്പാണ് രണ്ടാം വളവിൽ നിന്നും കൊക്കയിലേക്ക് മറിഞ്ഞത്. ഇരുവരും പുലർച്ചെ നാല് മണിയോടെ നാലാം വളവിലെത്തുകയും ഇവിടെ സമയം ചിലവഴിച്ച ശേഷം തിരികെ വരികയുമായിരുന്നു.
രണ്ടുപേരെയും നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനുപിന്നാലെ നടത്തിയ പരിശോധനയിലാണ് പരിക്കേറ്റവരിൽ ഒരാളുടെ പോക്കറ്റിൽ നിന്നും എംഡിഎംഎ കണ്ടെത്തിയത്. വാഹനത്തിൽ ഇനിയും എംഡിഎംഎ ഉണ്ടെന്ന സംശയത്തിലാണ് പൊലീസ്. അതിനാൽ തകർന്ന വാഹനം താഴ്ചയിൽ നിന്നും ഉയർത്തി കൂടുതൽ പരിശോധനകൾ നടത്താനാണ് തീരുമാനം.