തിരുവനന്തപുരം: ലോകമാതാ അഹല്യാബായ് ഹോൽക്കറിന്റെ മലയാളത്തിലെ ജീവചരിത്ര വിവർത്തനം തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. ഭാരതീയ വിചാരകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ മുൻ ഡിജിപി ആർ. ശ്രീലേഖ ഐപിഎസ് പുസ്തകം പ്രകാശനം ചെയ്തു.
ലോകമാതാ അഹല്യാബായ് ഹോൽക്കർ: കാലത്തിന് മുമ്പേ നടന്ന മഹാറാണി” എന്ന ചിന്മയി മൂല്യേ ജോഷിയുടെ ഇംഗ്ലീഷ് കൃതിയാണ് വിചാരകേന്ദ്രം സംസ്ഥാന സമിതി അംഗം കെ.വി രാജശേഖരൻ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. അഹല്യാബായ് ഹോൽക്കറുടെ ത്രിശതാബ്ദിയോട് അനുബന്ധിച്ചാണ് പുസ്തകം പുറത്തിറക്കുന്നത്.
ഭാരതത്തിന്റെ ചരിത്രമെന്ന നിലയിൽ മുഗൾ അധിനിവേശവും ബ്രിട്ടീഷ് അധിനിവേശവും മാത്രമാണ് നമ്മളെ പഠിപ്പിക്കുന്നതെന്ന് ആർ ശ്രീലേഖ പറഞ്ഞു. നമ്മുടെ രാജാക്കൻമാർ ചെയ്ത കാര്യങ്ങളോ അവരുടെ നേട്ടങ്ങളോ പഠിപ്പിക്കുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി. പ്രതിസന്ധികൾ നിറഞ്ഞ ഒരു കാലഘട്ടത്തിലാണ് അഹല്യാബായ് ഹോൾക്കറെപ്പോലുള്ള ഒരു വനിത മാൾവയുടെ ഭരണത്തിലെത്തുകയും രാജ്യത്ത് സദ്ഭരണം നടത്തുകയും ചെയ്തത്. നല്ല രീതിയിൽ അവർക്ക് ലഭിച്ച അവസരങ്ങൾ ഉപയോഗിച്ചതുകൊണ്ടാണ് അത് സാധിച്ചത്. അങ്ങനെ ഉപയോഗിച്ചാൽ ഏത് സ്ത്രീക്കും തിളങ്ങാനാകുമെന്ന് അവർ പറഞ്ഞു.
ഇനിയും വളരെ ഉയരങ്ങളിലേക്ക് അഹല്യബായ് ഹോൾക്കറുടെ പേര് എത്തട്ടെയെന്നും അതിലുപരി അവർ ഉയർത്തിയ ആ ആശയം എത്തട്ടെയെന്നും ആർ ശ്രീലേഖ പറഞ്ഞു. കേരള സ്റ്റഡീസ് അസോസിയേറ്റ് പ്രൊഫ. ഡോ. സുജയ്ക്ക് പുസ്തകം നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്.
മഹിളാ സമന്വയ ജില്ലാ സംയോജക ഡോ. ശ്രീകലാദേവി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മഹിളാ സമന്വയ പ്രാന്ത സംയോജക അഡ്വ. അഞ്ജന ദേവി പുസ്തകം പരിചയപ്പെടുത്തി. ദക്ഷിണ കേരള പ്രാന്ത സംഘചാലക് പ്രൊഫ. എം.എസ് രമേശൻ, തപസ്യ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. വി സുജാത, വിചാരകേന്ദ്രം സംസ്ഥാന സമിതിയംഗം കെ.വി രാജശേഖരൻ, മഹിളാ സമന്വയ വിഭാഗ് സഹസംയോജക നീലിമ ആർ കുറുപ്പ്, മഹാനഗർ സംയോജക ലക്ഷ്മിപ്രിയ തുടങ്ങിയവർ സംസാരിച്ചു.