കോഴിക്കോട്: റിയൽ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിന്റെ ഡ്രൈവർ രജിത് കുമാറിനെയും ഭാര്യയേയും കണ്ടെത്തി. ഗുരുവായുരിലെ ലോഡ്ജിൽ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. ഇന്നലെയാണ് ഇവർ ഗുരുവായൂരിലെ ലോഡ്ജിൽ എത്തിയത്. അൽപ്പസമയത്തിനകം ഇവരെ നടക്കാവ് പൊലീസിന് കൈമാറുമെന്ന് ഗുരുവായൂർ പൊലീസ് അറിയിച്ചു.
ഏഴാം തീയതി മുതലാണ് ഇരുവരേയും കാണാതായത്. മുഹമ്മദ് ആട്ടൂരിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് രജിത്കുമാറിനോട് ചോദ്യം ചെയ്യാൻ ഹാജരാകാൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. ഏഴാം തീയതി വീട്ടിൽ നിന്നിറങ്ങിയ ഇരുവരും കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമുള്ള ലോഡ്ജിൽ മുറിയെടുത്തിരുന്നു. ഒൻപതാം തീയതി മുറിയിൽ ഒഴിയുകയും ചെയ്തു. ചോദ്യം ചെയ്യൽ നീണ്ടുപോകുന്നുവെന്നാണ് കുടുംബം കരുതിയത്. എന്നാൽ ചോദ്യം ചെയ്യലിന് ഹാജരായില്ലെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചതോടെയാണ് കുടുംബം പൊലീസിനെ സമീപിച്ചത്.
അതിനിടെ ക്രൈം ബ്രാഞ്ചിനെതിരെ രജിത് കുമാന്റെ ഭാര്യാ സഹോദരൻ രംഗത്ത് വന്നിരുന്നു. നിരന്തരമുള്ള ചോദ്യം ചെയ്യൽ മൂലം രജിത് കുമാർ മാനസികമായി തകർന്നിരുന്നു എന്ന് സുമൽജിത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. മാമിയെ കാണാതായ അന്ന് രജിത് കുമാറും മാമിയും ഒരേ ടവർ ലൊക്കേഷനിൽ ഉണ്ടായിരുന്നു. ഇതിന്റെ പേരിൽ രജിത് കുമാറിനെ കുറ്റവാളിയാക്കാൻ ശ്രമിക്കുകയാണെന്നും ഭാര്യ സഹോദരൻ ആരോപിച്ചിരുന്നു.
2023 ഓഗസ്റ്റ് 22-നാണ് മുഹമ്മദ് ആട്ടൂരെന്ന മാമിയെ കാണാതാകുന്നത്. നടക്കാവ് പൊലീസും പിന്നീട് പ്രത്യേക സംഘവും കേസ് അന്വേഷിച്ചെങ്കിലും മാമിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.