കൊല്ലം: കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം. കൊല്ലം, മിയ്യന്നൂരിലാണ് സംഭവം. ബസിന്റെ ആക്സിൽ ഒടിഞ്ഞതോടെയാണ് ബസിന്റെ നിയന്ത്രണം തെറ്റിയത്. നിരവധി യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആരുടെയും പരിക്കുകൾ ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.
കൊല്ലത്ത് നിന്ന് കുളത്തുപുഴയിലേക്ക് പോവുകയായിരുന്നു ബസ്. മിയ്യന്നൂർ റോഡിന് സമീപത്തെ വളവിൽ എത്തിയപ്പോഴാണ് ബസ് നിയന്ത്രണംവിട്ടത്. റോഡിന്റെ ഒരു വശത്തേക്ക് ബസ് മറിയുകയായിരുന്നു. പൊലീസും നാട്ടുകാരും ചേർന്നാണ് ബസിനുള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ മിയ്യന്നൂർ സ്വകാര്യ ആശുപത്രിയിലും സർക്കാർ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിട്ടുണ്ട്.
വിദ്യാർത്ഥികൾ ഉൾപ്പെടെ 30 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. വലിയ തിരക്കേറിയ റോഡിലായിരുന്നു അപകടം. മോട്ടോർ വാഹന വകുപ്പ്, പൊലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. ബസ് ഉയർത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.