തിരുപ്പതി അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് രണ്ട് ലക്ഷം മുതൽ അഞ്ച് ലക്ഷം രൂപ വരെ നൽകുമെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി). മരിച്ചവരുടെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമെന്നും ടിടിഡി കൂട്ടിച്ചേർത്തു. ആശ്രിതർക്ക് ജോലി നൽകുമെന്ന് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവും അറിയിച്ചിട്ടുണ്ട്.
വളരെ ദൗർഭാഗ്യകരമായ സംഭവമാണ് തിരുപ്പതിയിലുണ്ടായതെന്ന് ടിടിഡി ചെയർമാൻ ബിആർ നായിഡു പറഞ്ഞു. ഒന്നോ രണ്ടോ പേരുടെ അശ്രദ്ധയാണ് ആറ് ജീവനുകളെടുത്തത്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത സംഭവമാണ് ഉണ്ടായതെന്നും അടിയന്തര യോഗത്തിനിടെ നായിഡു പറഞ്ഞു.
മുഖ്യമന്ത്രി ഉത്തരവിട്ട ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്ന മുറയ്ക്ക് കാരണക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ടിടിഡിയുടെ സഹായത്തിന് പുറമേ ബോർഡ് അംഗങ്ങളായ വി പ്രശാന്തി റെഡ്ഡിയും സുചിത്ര എല്ലയും 10 ലക്ഷം രൂപ വീതവും എംഎസ് രാജു മൂന്ന് ലക്ഷം രൂപ വീതവും സഹായമായി നൽകുമെന്നും ചെയർമാൻ അറിയിച്ചു.
തിരുപ്പതി ക്ഷേത്രത്തിൽ വൈകുണ്ഠ ഏകാദശി ദർശനത്തിനെത്തിയവരാണ് അപകടത്തിൽ പെട്ടത്. ആറ് പേരാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. 32 പേർക്ക് പരിക്കേറ്റു. ഇവരിൽ പലരും ചികിത്സയിൽ തുടരുകയാണ്. ടോക്കൺ വിതരണം ചെയ്യുന്ന കൗണ്ടറിന് മുൻപിലാണ് അപകടമുണ്ടായത്.
94 കൗണ്ടറുകളിലായി 1.20 ലക്ഷം ടോക്കണുകൾ വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിയെങ്കിലും വൈകുന്നേരം ടോക്കൺ വിതരണം ആരംഭിച്ചതോടെ ക്യൂ നിന്നവർ തള്ളിക്കയറാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. ദുരന്തത്തിൽ മരിച്ചവരിൽ പാലക്കാട് സ്വദേശിനിയും ഉൾപ്പെട്ടിട്ടുണ്ട്. വണ്ണാമല സ്വദേശിനി നിർമലയാണ് മരിച്ചത്.