എറണാകുളം: അങ്കമാലി അതിരൂപത ആസ്ഥാനത്ത് വൈദികരും പൊലീസും തമ്മിൽ സംഘർഷം. പുലർച്ചെ ബിഷപ്പ് ഹൗസിൽ പ്രാർത്ഥനാപ്രതിഷേധം നടത്തുന്ന വൈദികരെ പൊലീസ് ബലം പ്രയോഗിച്ച് പുറത്താക്കിയതോടെയാണ് സംഘർഷം ആരംഭിച്ചത്. വൈദികരെ പൊലീസ് വലിച്ചിഴക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രായമായ വൈദികരോട് പോലും പൊലീസ് മോശമായാണ് പെരുമാറിയതെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
ബിഷപ്പ് ഹൗസിനുള്ളിലേക്ക് കടക്കണമെന്ന് ആവശ്യപ്പെട്ടാണ് വൈദികർ പ്രതിഷേധം നടത്തുന്നത്. പ്രതിഷേധം കനത്തതോടെ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഇരുവിഭാഗങ്ങളെയും വിളിച്ച് ചർച്ച നടത്താനുള്ള ശ്രമങ്ങളും നടന്നു. കഴിഞ്ഞ മൂന്ന് ദിവസമായി അതിരൂപത ആസ്ഥാനത്ത് പ്രതിഷേധം തുടരുകയാണ്. എന്നാൽ, പൊലീസിന്റെ വലിയ ഇടപെടലുകളൊന്നും ഉണ്ടായിരുന്നില്ല. വൈദികർ ബോധപൂർവ്വം പ്രശ്നങ്ങൾ ഉണ്ടാക്കുകയാണെന്നാണ് പൊലീസിന്റെ വാദം. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
അറസ്റ്റ് ചെയ്യാൻ വാറന്റുണ്ടോ എന്ന് ചോദിച്ചതിന് പിന്നാലെയാണ് പൊലീസ് പ്രകോപിതരായതെന്നും പരിക്കേറ്റ വൈദികൻ പ്രതികരിച്ചു. ഇത് ഞങ്ങളുടെ ഭവനമാണ്. ഇവിടെ നിന്ന് ഞങ്ങളെ മാറ്റാനുള്ള അധികാരം പൊലീസിനില്ല. എന്നെ നിലത്തിട്ട് വലിച്ചിഴച്ചു. കൈയ്ക്കും തോളിനും പരിക്കേറ്റിട്ടുണ്ട്. എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് അറിയില്ല. ഒരു കാര്യവുമില്ലാതെയാണ് തങ്ങളെ സസ്പെൻഡ് ചെയ്തതെന്നും വൈദികൻ പറഞ്ഞു.
ഗുരുതര ആരോപണങ്ങളാണ് പൊലീസിനെതിരെ വൈദികർ ഉന്നയിക്കുന്നത്. വസ്ത്രം പോലും മാറാൻ അനുവദിക്കാതെയാണ് ബിഷപ്പ് ഹൗസിനുള്ളിൽ നിന്ന് പൊലീസ് ഇറക്കിവിട്ടതെന്നും വസ്ത്രം മാറാൻ ശ്രമിച്ചവരുടെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയെന്നും വൈദികർ ആരോപിച്ചു. വൈദികരെ മർദ്ദിച്ചതിനെ തുടർന്ന് നിരവധി സഭാവിശ്വാസികളും പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. പ്രതിഷേധക്കാരുമായി സംസാരിക്കാൻ എസിപി ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. കൂടുതൽ പൊലീസ് സന്നാഹങ്ങളെ അതിരൂപത ആസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.