ന്യൂഡൽഹി: ഡിസംബർ 30-ന് ആരംഭിച്ച സ്പേഡെക്സ് ദൗത്യം അവസാനഘട്ടത്തിൽ എത്തിനിൽക്കവെ നിർണായക നീക്കവുമായി ഇസ്രോ. ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം മൂന്ന് മീറ്ററായി കുറച്ച ശേഷം വീണ്ടും അകലം കൂട്ടി. ഡോക്കിംഗിന്റെ ട്രയൽ നടത്തിയെന്നും കൂടുതൽ പഠിച്ച ശേഷമായിരിക്കും അടുത്ത നടപടിയെന്നും ഇസ്രോ അറിയിച്ചു.
ഇന്ന് രാവിലെ ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം 105 മീറ്ററിൽ നിന്നും 15 മീറ്ററും ഇത് പിന്നീട് മൂന്ന് മീറ്ററുമായി കുറച്ചതിന് ശേഷമാണ് അകലം കൂട്ടിയത്. ഡോക്കിംഗ് ട്രയൽ നടത്തിയതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടിട്ടില്ല. ഉപഗ്രഹങ്ങൾ അടുത്തുവന്നപ്പോഴുള്ള ഡാറ്റ പഠിച്ച ശേഷം അടുത്ത നീക്കം നടത്തുമെന്നും കാത്തിരിക്കാനുമാണ് ഇസ്രോ വ്യക്തമാക്കുന്നത്. ഇസ്രോയുടെ ബെംഗളൂരുവിലെ ടെലിമെട്രി, ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ് വർക്കിൽ നിന്നാണ് ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്നത്.
ഉപഗ്രഹങ്ങളായ ചേസറും ടാർഗറ്റും 15 മീറ്റർ അകലത്തിൽ എത്തിയശേഷം ആശയവിനിമയം നടത്തിയതായി ഐഎസ്ആർഒ അറിയിച്ചിരുന്നു. ഉപഗ്രഹങ്ങൾ തൊട്ടടുത്തായി നിൽക്കുന്നതിന്റെ ചിത്രങ്ങളും പങ്കുവച്ചു. ഐഎസ്ആർഒ ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ് വർക്കിന്റെ അകത്തേക്ക് ഉപഗ്രഹങ്ങൾ പ്രവേശിച്ചശേഷമാണ് ഡോക്കിംഗ് ട്രയൽ നടന്നത്.
പേടകങ്ങളെ ബഹിരാകാശത്തുവച്ച് കൂട്ടിയോജിപ്പിക്കുകയും വേര്പെടുത്തുകയും ചെയ്യുന്ന ദൗത്യമാണ് സ്പേഡെക്സ് ദൗത്യം. ജനുവരി ഏഴിന് ഡോക്കിംഗ് പരീക്ഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് മാറ്റുകയായിരുന്നു.