തൃശൂർ: 16-കാരനെ വാടാനപ്പള്ളി പൊലീസ് ക്രൂരമായി മർദിച്ചെന്ന് പരാതി. തളിക്കുളം സ്വദേശിയായ വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. ഉത്സവത്തിനിടെ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ കേസിലാണ് 16-കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിൽ എത്തിച്ചതിന് ശേഷം പൊലീസുകാർ ക്രൂരമായി മർദ്ദിച്ചെന്നാണ് ആരോപണം. എസ്ഐയും കണ്ടാലറിയാവുന്ന പൊലീസുകാരും വിദ്യാർത്ഥിയെ അതിക്രൂരമായി മർദ്ദിച്ചെന്ന് കുടുംബം പരാതി നൽകി.
ഞായറാഴ്ച രാവിലെയാണ് 16-കാരനെ പൊലീസ് സ്റ്റേഷനിൽ നിന്ന് റിലീസ് ചെയ്തത്. ഇതിന് പിന്നാലെ നെഞ്ചുവേദനയും പുറംവേദനയും അനുഭവപ്പെട്ടപ്പോൾ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വാടാനപ്പിള്ളി എസ്ഐക്കെതിരെയും കണ്ടാൽ അറിയാവുന്ന മൂന്ന് പൊലീസുകാർക്കെതിരെയും കുടുംബം പരാതി നൽകിയിട്ടുണ്ട്.