വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി അധികാരമേറ്റ ഡോണൾഡ് ട്രംപ് സ്ഥാനാരോഹണത്തിന് പിന്നാലെ ഒപ്പുവച്ച എക്സിക്യൂട്ടീവ് ഉത്തരവുകളിൽ കാപിറ്റോൾ ആക്രമണകാരികൾക്ക് മോചനവും. 2021ലെ കാപിറ്റോൾ ആക്രമണക്കേസിലെ പ്രതികൾക്ക് പ്രസിഡന്റ് മാപ്പ് നൽകിയതോടെ ഇവരുടെ മോചനം ഉടൻ നടപ്പാകും.
കുറ്റാരോപിതരും ശിക്ഷിക്കപ്പെട്ടവരുമായ 1,500ഓളം പേർക്കാണ് ട്രംപ് മാപ്പ് നൽകിയത്. ഇന്നുരാത്രിയോടെ അവർ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രസിഡന്റ് പറഞ്ഞു. തടവുകാരെ ബന്ദികളെന്നായിരുന്നു ട്രംപ് വിശേഷിപ്പിച്ചത്.
2021 ജനുവരി ആറിനായിരുന്നു കാപിറ്റോളിന് നേരെ ആക്രമണം നടന്നത്. ട്രംപ് അനുകൂലികളായിരുന്നു പ്രതിഷേധത്തിന് പിന്നിൽ. സംഭവത്തിൽ 140 പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. ബൈഡൻ ഭരണകൂടത്തിന്റെ ഉത്തരവുപ്രകാരം പ്രതിഷേധക്കാർക്ക് നേരെ നടത്തിയ പൊലീസ് നടപടിയിൽ 4 ട്രംപ് അനുകൂലികൾ കൊല്ലപ്പെടുകയും ചെയ്തു. ഇതോടെ ആക്രമണകാരികളായ പ്രതിഷേധക്കാർ അഞ്ച് പൊലീസുകാരുടെയും ജീവനെടുത്തു.
പിന്നീട് നടന്ന എഫ്ബിഐ അന്വേഷണം അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ക്രിമിനൽ ഇൻവെസ്റ്റിഗേഷനായി മാറി. 1,580 പേർക്കെതിരെ കേസെടുക്കുകയും ഇതിൽ 1,270 പേർ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തു. കാപിറ്റോൾ കലാപമെന്നറിയപ്പെടുന്ന കേസിൽ കുറ്റാരോപിതരായവർക്കെതിരായ എല്ലാ കേസുകളും പിൻവലിക്കണമെന്ന് നീതിന്യായ വകുപ്പിനെ നിർദേശിക്കുന്ന ഉത്തരവിലാണ് ട്രംപ് ഒപ്പുവച്ചത്.