ബംഗളൂരു: ധന്വന്തരി കോളജ് ഓഫ് നഴ്സിംഗിലെ മലയാളി വിദ്യാർത്ഥിനികളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. ആറുമാസത്തിനിടെ മൂന്ന് മലയാളി വിദ്യാർത്ഥികളാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ഗൂഢസംഘമാണ് സംഭവങ്ങൾക്ക് പിന്നിലെന്നും കോളേജ് ഉടമ കോളജ് ഉടമകളായ നീലം അഹമ്മദും ആരിഫ് അഹമ്മദും ഇവർക്ക് ഒത്താശ ചെയ്യുകയാണെന്നും കുടുംബങ്ങൾ ആരോപിച്ചു. മരണത്തിന് പിന്നിൽ ലൗജിഹാദാണെന്ന് സംശയവും ഇവർക്കുണ്ട്.
സോളദേവനഹള്ളിയിലെ ധന്വന്തരി കോളജ് ഓഫ് നഴ്സിംഗിലെ രണ്ടാം സെമസ്റ്റർ വിദ്യർത്ഥിനിയായിരുന്ന അഖില ഹരിയെ ഒക്ടോബർ 18 നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ സ്വദേശിനിയും ഒന്നാം വർഷ ബിഎസ്എസി നേഴ്സിംഗ് വിദ്യാർത്ഥിനിയുമായ അതുല്യ ഗംഗാധരൻ ഓഗസ്റ്റ് 4 നാണ് മരിച്ചത്. ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചുവെന്നാണ് കോളജ് അധികൃതർ കുടുംബത്തെ അറിയിച്ചത്.
പിന്നാലെ മരണ വിവരമറിഞ്ഞ് കോളജിലെത്തിയ ബന്ധുക്കളോട് അധികൃതർ മോശമായാണ് പെരുമാറിയത്. തുടർന്ന് നടന്ന അന്വേഷണങ്ങളിലും ഇവർ സഹകരിച്ചില്ല. കോളജ് അധികൃതരുടെ സഹായത്തോടെ കൊലപാതകങ്ങളെ പൊലീസ് ആത്മഹത്യയാക്കി മാറ്റുകയാണെന്ന പരാതിയും ഉയരുന്നുണ്ട്. മരണ സർട്ടിഫിക്കറ്റ് ലഭിക്കാൻ ആവശ്യമായ രേഖകൾ കൈമാറാൻ പോലും കോളജ് അധികൃതരും പൊലീസും തയ്യാറായിട്ടില്ല.
സംഭവത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് ഭാരതീയ നേഴ്സസ് ആന്റ് അലൈഡ് സംഘിന്റെ പിന്തുണയോടെ ബന്ധുക്കൾ പ്രധാനമന്ത്രിക്ക് കത്തയച്ചു. വിഷയത്തിൽ കേന്ദ്ര ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബങ്ങൾ.