തിരുവനന്തപുരം: വഞ്ചിയൂർ വെടിവയ്പ്പ് കേസിലെ പ്രതിയായ വനിതാ ഡോക്ടറുടെ പരാതിയിൽ വെടിയേറ്റ യുവതിയുടെ ഭർത്താവ് അറസ്റ്റിൽ. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി സുജിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം കണ്ണനല്ലൂർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സുജിത്തിന്റെ ഭാര്യയെ വീട്ടിൽ കയറി എയർഗൺ ഉപയോഗിച്ച് വെടിവച്ച് പരിക്കേൽപ്പിച്ച സംഭവത്തിലാണ് വനിതാ ഡോക്ടറായ യുവതി പിടിയാലായത്. സുജിത്ത് തന്നെ പീഡിപ്പിച്ചെന്ന് ആരോപിച്ചാണ് യുവതി പരാതി നൽകിയത്. 2021-ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലത്തെ സ്വകാര്യ ആശുപത്രി സ്റ്റാഫ് ക്വാർട്ടേഴ്സിൽ വച്ച് സുജിത്ത് ബലപ്രയോഗത്തിലൂടെ താനുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടെന്നും പിന്നീട് സൗഹൃദം അവസാനിപ്പിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
സുജിത്ത് താനുമായി അകന്നതിന്റെ ദേഷ്യത്തിലാണ് ഇയാളുടെ ഭാര്യയെ ആക്രമിച്ചതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ബലപ്രയോഗത്തിലൂടെ ലൈംഗികമായി പീഡിപ്പിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ബലാത്സംഗം എന്നീ കുറ്റങ്ങളാണ് സുജിത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
കൊല്ലത്ത് നിന്ന് 42 കിലോമീറ്റർ ദൂരം കാറോടിച്ച് തിരുവനന്തപുരത്തെത്തിയാണ് വനിത ഡോക്ടറായ പ്രതി വീട്ടമ്മയെ വെടിവച്ചത്. കൊറിയർ കൊണ്ടുവരുന്നയാൾ എന്ന വ്യാജേനയാണ് ഇവർ വീട്ടിലെത്തിയത്. തുടർന്ന് കൊറിയർ ഒപ്പിട്ടുവാങ്ങുന്നതിനിടെ പോക്കറ്റിൽ നിന്ന് എയർ ഗൺ എടുത്ത് യുവതിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.