കൊൽക്കത്ത: ബിജെപിക്ക് ഗവർണർ ആയുധങ്ങൾ നൽകുന്നുവെന്ന ആരോപണത്തിൽ പ്രതികരണവുമായി ബംഗാൾ രാജ് ഭവൻ.തൃണമൂൽ എംപി കല്യാൺ ബാനർജിയുടെ ഈ ഉത്തരവാദിത്ത രഹിതമായ ഈ ആരോപണത്തിന് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്ഭവനിൽ അക്രമികൾക്ക് അഭയം നൽകുന്നുണ്ടെന്നും ഗവർണർ ബിജെപി അക്രമികൾക്ക് ആയുധങ്ങൾ നൽകുന്നുണ്ടെന്നും തൃണമൂൽ എംപി കല്യാൺ ബാനർജി ആരോപിച്ചിരുന്നു.
“രാജ്ഭവനിൽ ആയുധങ്ങളും വെടിക്കോപ്പുകളും വിതരണം ചെയ്യുന്നുവെന്ന എം.പി. കല്യാൺ ബാനർജിയുടെ ആരോപണം ശരിയല്ല. രാജ്ഭവൻ അധികൃതർ കല്യാൺ ബാനർജിയോടും നൂറോളം വരുന്ന പത്രപ്രവർത്തകരോടും സാധാരണക്കാരോടും രാജ്ഭവൻ സന്ദർശിക്കാൻ അഭ്യർത്ഥിക്കുന്നു. എം.പി.യുടെ ആരോപണമനുസരിച്ച് ആയുധങ്ങളും വെടിക്കോപ്പുകളും സൂക്ഷിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ വാതിലുകൾ തുറന്നിടുകയാണ്. അദ്ദേഹത്തിന്റെ ആരോപണം ശരിയല്ലെങ്കിൽ, എം.പി. ബംഗാളിലെ ജനങ്ങളോട് ക്ഷമാപണം നടത്തേണ്ടിവരും. അദ്ദേഹം അങ്ങനെ ചെയ്തില്ലെങ്കിൽ, വിദ്വേഷ പ്രസംഗത്തിന് വിചാരണ നേരിടുക എന്ന അനുയോജ്യമായ ഒരു ബദൽ സംവിധാനമുണ്ട്” എന്ന് രാജ്ഭവൻ പ്രസ്താവനയിൽ പറഞ്ഞു.
“കൊൽക്കത്ത പോലീസ് കാവൽ നിൽക്കുന്ന രാജ്ഭവനിലേക്ക് ആയുധങ്ങളും വെടിക്കോപ്പുകളും കൊണ്ടുവരാൻ അവർ എങ്ങനെയാണ് അനുവദിച്ചതെന്ന് ഉടൻ അന്വേഷിക്കാം.”ലോക്‌സഭാംഗം ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിനാൽ, ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ ബഹുമാനപ്പെട്ട ലോക്‌സഭാ സ്പീക്കറോട് രാജ്ഭവൻ അഭ്യർത്ഥിക്കും”. ബംഗാൾ രാജ്ഭവന്റെ പത്രക്കുറിപ്പ് പറയുന്നു.
തൃണമൂൽ എംപിയുടെ ആരോപണങ്ങൾ തെളിയിക്കപ്പെട്ടില്ലെങ്കിൽ, അദ്ദേഹം ക്ഷമാപണം നടത്തേണ്ടിവരുമെന്ന് രാജ്ഭവൻ ഊന്നിപ്പറഞ്ഞു.
കല്യാൺ ബാനർജിയുടെ ആരോപണങ്ങൾക്ക് ശേഷം, ഗവർണറുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥർ രാജ്ഭവൻ വിട്ട് മറ്റെവിടെയെങ്കിലും പോകാൻ ഗവർണറോട് അഭ്യർത്ഥിച്ചു. എങ്കിലും ഗവർണർ ആ ആവശ്യം സമ്മതിച്ചില്ല. “എന്തായാലും ഞാൻ രാജ്ഭവനിൽ തന്നെ തുടരും” എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.















