തൃശൂരിൽ ഇന്ന് വ്യാപകമായി ആഞ്ഞടിച്ചത് ചുഴലിക്കാറ്റല്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി. ഗസ്റ്റ്നാഡോ പ്രതിഭാസമാണ് തൃശൂരിലുണ്ടായതെന്ന് ദുരന്ത നിവാരണ അതോറിറ്റി സ്ഥിരീകരിച്ചു. ശക്തമായ കാറ്റും മഴയുമുള്ളപ്പോൾ അന്തരീക്ഷത്തിൽ അടിഞ്ഞുകൂടുന്ന വായു താഴേക്ക് പതിച്ച് കറങ്ങിക്കൊണ്ടുണ്ടാകുന്ന പ്രതിഭാസമാണിത്.
ഇന്ന് രാവിലെ 8.50 ഓടെയാണ് കാറ്റ് വീശിയത്. ശക്തമായ കാറ്റിൽ നടത്തറ ഭാരതീയ വിദ്യാഭവൻ സ്കൂളിന്റെ സമീപത്തെ മരങ്ങളെല്ലാം കടപുഴകി വീണു. നിരവധി വാഹനങ്ങൾക്ക് മരം വീണ് കേടുപാടുകൾ സംഭവിച്ചു. കുട്ടികളുമായി എത്തിയ വാഹങ്ങൾക്ക് മുകളിലാണ് മരങ്ങൾ പതിച്ചത്. തലനാരിഴയ്‌ക്കാണ് വൻ ദുരന്തം ഒഴിവായത്.
ചെറിയ സമയത്തിനുള്ളിൽ വലിയ നാശനഷ്ടനാണ് ഇത് വരുത്തിയത്. പല ഓടിട്ട വീടുകളുടെയും മേൽക്കൂര തകർന്നു. പ്രദേശത്തെ വൃക്ഷങ്ങൾ മുഴുവൻ കടപുഴകിയ നിലയിലാണ് വൈദ്യുത പോസ്റ്റുകളും നിരവധി വീടുകളും തകർന്നു.
2022 ലും തൃശൂരിൽ ഗസ്റ്റ്നാഡോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുന്നറിയിപ്പില്ലാതെ പെട്ടെന്ന് രൂപപ്പെടുന്നതിനാൽ ശക്തമായ കാറ്റിലൂടെ വലിയ തോതിലുള്ള നാശനഷ്ടങ്ങൾ ഉണ്ടാക്കാറുണ്ട്.