ന്യൂഡല്‍ഹി: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയിലേക്ക് ആകര്‍ഷിക്കപ്പെടുന്ന ഇന്ത്യാക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നുവെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് കേന്ദ്ര സുരക്ഷാ ഏജന്‍സികളുടേയും സംസ്ഥാന പൊലീസ് മേധാവിമാരുടേയും യോഗം വിളിച്ചു. ഫേസ്ബുക്ക്, ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ ചുരുങ്ങിയ കാലം കൊണ്ട് ഐ എസ് നേടിയ വളര്‍ച്ച എങ്ങനെ തടയാമെന്നതായിരുന്നു ചര്‍ച്ചയിലെ പ്രധാന വിഷയമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു.
യോഗത്തില്‍ ഇന്റലിജന്‍സ്, സുരക്ഷാ ഏജന്‍സികള്‍, 13 സംസ്ഥാനങ്ങളില്‍ നിന്നുള്ള പൊലീസ് മേധാവിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഏറ്റവും ഒടുവില്‍ ലഭിച്ചിരിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് 23 ഇന്ത്യാക്കാരാണ് ഇസ്ലാമിക് സ്റ്റേറ്റ് സംഘടനയില്‍ ചേര്‍ന്നിട്ടുള്ളത്. ഇതില്‍ ആറുപേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് ഉണ്ട്. സോഷ്യല്‍ മീഡിയകളിലൂടെ ഐ എസിലേക്ക് ആകൃഷ്ടരായിരിക്കുന്ന 150-ഓളം ഇന്ത്യാക്കാര്‍ സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്.