കണ്ണൂര്‍: ട്രെയിനില്‍ അനധികൃതമായി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച മുംബൈ സ്വദേശി കണ്ണൂരില്‍ അറസ്റ്റില്‍. ഇയാളില്‍ നിന്നും അഞ്ചേമുക്കാല്‍ കിലോ സ്വര്‍ണ്ണം കണ്ണൂര്‍ റയില്‍വേ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. രേഖകളില്ലാതെ സ്വര്‍ണ്ണം കടത്താന്‍ ശ്രമിക്കുന്നെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് കണ്ണൂര്‍ റയില്‍വേ പൊലീസ് മംഗലാപുരം കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്പ്രസില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്. സംഭവത്തില്‍ മുംബൈ സ്വദേശി നികേഷ് രമേഷ് ഷാ എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. സ്വര്‍ണ്ണം കോഴിക്കോട് എത്തിക്കുകയായിരുന്നു ലക്ഷ്യമെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു.