തിരുവനന്തപുരം: കിഴക്കേക്കോട്ടയില്‍ ബസ് ഇടിച്ച് പരിക്കേറ്റ നാടോടി വൃദ്ധന് റോഡില്‍ രക്തം വാര്‍ന്നു മരിച്ച സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായോയെന്ന് അന്വേഷിക്കാന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ നിര്‍ദ്ദേശം നല്കി. സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല. വാഹനമിടിച്ച് റോഡില്‍ വീണ വൃദ്ധനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആരും തയ്യാറായില്ല. അരമണിക്കൂറോളം റോഡില്‍ കിടന്ന വൃദ്ധന് രക്തംവാര്‍ന്നാണ് മരിച്ചത്.
തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം ഉണ്ടായത്. ബസ് ഇടിച്ച് കൈക്കാലുകള്‍ക്ക് പരിക്കേറ്റ മധ്യവയസ്കനെ ആശുപത്രിയില്‍ എത്തിക്കാന്‍ ആരും തയ്യാറായില്ല. സംഭവ നടക്കുമ്പോള്‍ പൊലീസും സ്ഥലത്ത് ഉണ്ടായിരുന്നതായാണ് സൂചന. യാത്രക്കാരടക്കം നിരവധിപ്പേര്‍ തടിച്ചു കൂടിയെങ്കിലും അവരും കാഴ്ചക്കാരായി നില്‍ക്കുകയാണ് ഉണ്ടായത്. ഒടുവില്‍ അരമണിക്കൂറിനു ശേഷം ആംബുലന്‍സ് വിളിച്ചു വരുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.