ദുബായ്: കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി അവസാന വാരം നടക്കും. ദുബൈയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. 2015 മാര്‍ച്ചില്‍ നിശ്ചയിച്ചിരുന്ന ആദ്യ ഘട്ടത്തിന്റെ ഉദ്ഘാടനമാണ് ഇപ്പോള്‍ ഒരു വര്‍ഷത്തോളം വൈകി യാഥാര്‍ത്ഥ്യമാകുന്നത് .
ഉദ്ഘാടന ചടങ്ങില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം പങ്കെടുക്കാന്‍ സാധ്യതയുള്ളതിനാല്‍ അദ്ദേഹത്തിന്റെ സൗകര്യം കൂടി കണക്കിലെടുത്തായിരിക്കും ഉദ്ഘാടന തീയതി തീരുമാനിക്കുക. ഇന്ന് രാവിലെ ദുബായ് എമിറേറ്റ് ടവേഴ്സില്‍ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ദുബൈ ടീകോം സി.ഇ.ഒ ജാബിര്‍ ബിന്‍ ഹാഫീസ്, സ്മാര്‍ട്ട് സിറ്റി സി.ഇ.ഒ ഡോ. ബാജു ജോര്‍ജ് എന്നിവര്‍ സ്മാര്‍ട്ട് സിറ്റി ആദ്യഘട്ട ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം ചേര്‍ന്നു. പ്രത്യേക ക്ഷണിതാവായി വ്യവസായി എം.എ. യൂസുഫലിയും യോഗത്തില്‍ പങ്കെടുത്തു.
ഒരാഴ്ചയ്ക്കുള്ളില്‍ തീയതി പ്രഖ്യാപിക്കുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഉ തുടക്കത്തില്‍ ഇരുപത്തിയഞ്ച് കമ്പനികളാണ് സ്മാര്‍ട്ട് സിറ്റിയില്‍ ഓഫീസ് തുറക്കുക. എന്നാല്‍, ഇവ ഏതെല്ലാം കമ്പനികളാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 6.5 ലക്ഷം ചതരുശ്ര അടി വിസ്തീര്‍ണമുള്ള ആദ്യ കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് നടക്കുക. ആദ്യഘട്ടം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ അയ്യായിരം ഐടി പ്രൊഫഷണലുകള്‍ക്ക് ജോലി ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
പ്രധാന കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടൊപ്പം മൊത്തം 47 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഏഴു കെട്ടിടങ്ങളുടെ തറക്കല്ലിടലും ഇതോടനുബന്ധിച്ച് നടക്കും. മൂന്നു വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ 70,000 പേര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നും യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.