ഇറാന്‍റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിയുമായി സഹകരിച്ച കമ്പനികൾക്കും വ്യക്തികൾക്കും അമേരിക്ക ഉപരോധം ഏർപ്പെടുത്തി. ഇറാനുമേൽ ലോകരാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം നീക്കിയതിന് പിന്നാലെയാണ് പുതിയ ഉപരോധവുമായി അമേരിക്ക രംഗത്തെത്തിയത്.
ഐക്യരാഷ്‌ട്രസഭയുടെ ലംഘനം മറിക്കടന്നാണ് ഒക്ടോബറിൽ ഇറാൻ ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തിന് തുടക്കം കുറിച്ചത്. പദ്ധതിയുമായി സഹകരിച്ച 11 കമ്പനികൾക്കും, വ്യക്തികൾക്കുമാണ് യു എസ് പുതിയ ഉപരോധം ഏർപ്പെടുത്തിയത്. ഇവർക്ക് ഇനി അമേരിക്കയുമായി യാതൊരു ബാങ്ക് ഇടപാടുകൾക്കും സാധിക്കില്ല.
ഇറാന്‍റെ മിസൈൽ പരീക്ഷണം ലോകരാജ്യങ്ങളുടെ സുരക്ഷയ്‍ക്ക് ഭീഷണിയുയർത്തുന്നതുകൊണ്ടാണ് ഉപരോധമെന്ന് അമേരിക്ക പ്രതികരിച്ചു. ഇന്ന് നല്ലദിവസമെന്ന് പറഞ്ഞുകൊണ്ടാണ് പ്രസിഡന്‍റ് ബരാക്ക് ഒബാമ പുതിയ ഉപരോധ പ്രഖ്യാപനം നടത്തിയത്. അമേരിക്കയുടെ നയതന്ത്ര ശക്തി ലോകരാജ്യങ്ങൾക്കുമുന്നിൽ ഒരിക്കൽക്കൂടി തുറന്നുകാട്ടിയെന്ന് ഒബാമ പറഞ്ഞു.
ആണവപദ്ധതി വെട്ടിച്ചുരുക്കാനുള്ള കരാറിലെ വ്യവസ്ഥകളുമായി പൂർണമായി സഹകരിക്കുമെന്ന ഉറപ്പിനെ മാനിച്ചാണ് ലോകരാജ്യങ്ങൾ കഴിഞ്ഞ ദിവസം ഇറാനുമേൽ ഏർപ്പെടുത്തിയ ഉപരോധം നീക്കിയത്. അതേസമയം, അമേരിക്ക ഏർപ്പെടുത്തിയ പുതിയ ഉപരോധം ലോകരാഷ്‌ട്രങ്ങൾക്കിടയിൽ പുതിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.