തിരുവനന്തപുരം: മന്ത്രി കെ. ബാബുവിനും വി.എസ് ശിവകുമാറിനുമെതിരേ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം. ബാര്‍ കോഴ അഴിമതിയുമായി ബന്ധപ്പെട്ട് ഇരുവരും രാജിവെയ്‌ക്കണമെന്ന ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. രാവിലെ തിരുവനന്തപുരം പിഎംജിയില്‍ കേരള സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്‍ ആസ്ഥാന മന്ദിരം ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു സംഭവം.
വി.എസ് ശിവന്‍കുട്ടിയുടെ നേതൃത്വത്തിലാണ് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. സ്ത്രീകളെ മുന്നില്‍ നിര്‍ത്തിയായിരുന്നു പ്രതിഷേധം. ഇതിനിടെ ബാബുവിന് നേരെ കരിങ്കൊടി വീശിയ പ്രവര്‍ത്തകര്‍ മന്ത്രിയുടെ വാഹനത്തിന് നേരെ കല്ലെറിയുകയും ചെയ്തു. ഇതോടെ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി.
പ്രതിഷേധം നടക്കുന്നതിനിടെ മറ്റൊരു വഴിയിലൂടെ മന്ത്രി കെ. ബാബു വേദിയിലെത്തി ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു. കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ വി.എസിനെ ക്ഷണിക്കാതിരുന്നത് ഉള്‍പ്പെടെയുള്ള കാരണങ്ങളും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ വി.എസിനെ മാത്രമല്ല മുഖ്യമന്ത്രിയെപ്പോലും ക്ഷണിച്ചില്ലെന്നും ചെറിയ ചടങ്ങായി മാത്രം നടത്താനായിരുന്നു തീരുമാനമെന്നും അതുകൊണ്ടാണ് ഇരുവരെയും വിളിക്കാതിരുന്നതെന്നും കെ. ബാബു പറഞ്ഞു.