ന്യൂഡല്‍ഹി: ലാവ് ലിന് കേസില്‍ പിണറായ് വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ ഉപഹര്‍ജി നല്കിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ മുസ്ലീം ലീഗിന് അതൃപ്തി. ഹര്‍ജി നല്‍കുന്നതിന് മുന്‍പ് ലീഗിനോടോ മറ്റ് ഘടകക്ഷികളൊടോ വിഷയം കോണ്‍ഗ്രസ് ആലോചിച്ചില്ലെന്നാണ് ലീഗിന്റെ പ്രധാന പരിഭവം. ലീഗിന്റെ പരാതി വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അറിയിച്ചു.
ലാവ് ലിന് കേസില്‍ ഉപഹര്‍ജി നല്കുന്ന വിഷയം നേരത്തെ യുഡിഎഫ് ചര്‍ച്ച ചെയ്തിരുന്നു. സിബിഐ യുടെ അപ്പീല്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മറ്റൊരു ഹര്‍ജി സമര്‍പ്പിക്കേണ്ട എന്ന അഭിപ്രായമാണ് അന്ന് ലീഗ് യോഗത്തില്‍ സ്വീകരിച്ചത്. ലീഗിന്റെ എതിര്‍പ്പിന്റെ പശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തിരുമാനം കൈക്കൊള്ളാതെ യോഗം പിരിയുകയും ചെയ്തു.
അതിന് ശേഷം എതാനും യുഡിഎഫ് യോഗങ്ങള്‍ നടന്നെങ്കിലും വിഷയം അജണ്ടയുടെ ഭാഗമായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ആഴ്ച സര്‍ക്കാര്‍ വിഷയത്തില്‍ ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്കി. മുസ്ലിം ലീഗിന്റെ അറിവോ സമ്മതമോ ഇല്ലാതെ ആയിരുന്നു സര്‍ക്കാര്‍ നടപടി. പിണറായിയെ ഉള്‍പ്പെടെ കുറ്റവിമുക്തരാക്കിയ കീഴ്ക്കോടതി വിധിക്കെതിരേ സിബിഐ നല്കിയ അപ്പീല്‍ വേഗത്തില്‍ പരിഗണിക്കണമെന്നാണ് ഹര്ജ്ജിയിലെ ആവശ്യം.
എന്നാല്‍ യു.ഡി.എഫ് പരിഗണിച്ച വിഷയത്തില്‍ കോണ്‍ഗ്രസിന്റെ മാത്രം താത്പര്യം മാനിച്ച് ഹര്‍ജി സമര്‍പ്പിച്ചത് ഉചിതമായില്ലെന്നാണ് ഇപ്പോള്‍ ലീഗ് നേതൃത്വത്തില്‍ ഉയര്‍ന്നിട്ടുള്ള അഭിപ്രായം. ഉചിതമായ സമയത്തല്ല ഹര്‍ജി സമര്‍പ്പിച്ചതെന്നും ലീഗ് കരുതുന്നു. നിയമവകുപ്പ് സെക്രട്ടറിയുടെ എതിപ്പ് പോലും മറികടന്ന് ഹര്‍ജി സമര്‍പ്പിച്ചതില്‍ അനൗചിത്യം ഉണ്ടെന്നാണ് ലീഗിന്റെ പക്ഷം.
ഇക്കാര്യത്തിലുള്ള ലീഗിന്റെ ആക്ഷേപം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കഴിഞ്ഞ ദിവസം വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി അറിയിച്ചതായി മുതിര്‍ന്ന ലീഗ് ഭാരവാഹി ജനം ടിവി യോട് സ്ഥിരീകരിച്ചു. മലബാര്‍ സിമന്റ്സില്‍ നടന്ന ക്രമക്കേടുകളില്‍ വിജിലന്‍സ് അന്വേഷണം വേണ്ട എന്ന നിലപാടും ലീഗ് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.