ധാക്ക: അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ അനുയായി അബ്ദുള്‍ റൗഫിനെ ഇന്ത്യയിലേക്ക് അയയ്ക്കുമെന്ന് ബംഗ്ലാദേശ് വ്യക്തമാക്കി. ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസാദുസമന്‍ ഖാന് ആണ് ഇക്കാര്യം അറിയിച്ചത്. 2009 ലാണ് അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിന്റെ പേരില്‍ അബ്ദുള്‍ റൗഫിനെ ബംഗ്ലാദേശ് അറസ്റ്റ് ചെയ്യുന്നത്.
നിലവില്‍ ജയിലില്‍ കഴിയുന്ന ഇയാളെ ശിക്ഷ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ആയിരിക്കും ഇന്ത്യയിലേക്ക് അയയ്ക്കുക. 1997 ല്‍ ഗുല്‍ഷന്‍ കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ അബ്ദുള്‍ റൗഫിനെ മുംബൈയിലെ കോടതി 2002 ല്‍ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു. ബോംബെ ഹൈക്കോടതിയില്‍ നിന്ന് ഇടക്കാല ജാമ്യം നേടി പുറത്തിറങ്ങിയ ശേഷം 2009 ലാണ് ഇയാള്‍ രാജ്യം വിട്ടത്.
തുടര്‍ന്നാണ് ബംഗ്ലാദേശില്‍ എത്തിയതും അറസ്റ്റിലാകുന്നതും. അഞ്ച് വര്‍ഷത്തെ ജയില്‍ശിക്ഷയാണ് ഇവിടെ ഇയാള്‍ക്ക് വിധിച്ചത്. ഈ ശിക്ഷാകാലവധി പൂര്‍ത്തിയാക്കിയ ശേഷം തീവ്രവാദ ബന്ധം ആരോപിച്ച് ഇയാളെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.
വിദേശ കുറ്റവാളികളെ ശിക്ഷ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് സ്വന്തം നാട്ടിലേക്ക് തിരിച്ചയയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് അബ്ദുള്‍ റൗഫിനെയും ഇന്ത്യയിലേക്ക് മടക്കി അയയ്ക്കുന്നതെന്ന് അസാദുസമന്‍ ഖാന് വ്യക്തമാക്കി. ഷാര്‍പ്പ് ഷൂട്ടര്‍ എന്ന് അറിയപ്പെട്ടിരുന്ന അബ്ദുള്‍ റൗഫിനെ 2001 ല്‍ കൊല്‍ക്കത്ത പൊലീസാണ് അറസ്റ്റ് ചെയ്യുന്നത്.