തൃശൂര്‍: ഏറെ കോളിളക്കം സൃഷ്ടിച്ച ചന്ദ്രബോസ് കൊലക്കേസില്‍ വിധി ഇന്ന്. കേസിലെ പ്രതിയായ മുഹമ്മദ് നിസാം കുറ്റക്കാരനാണോ അല്ലയോ എന്നായിരിക്കും കോടതി ഇന്ന് വിധിക്കുക. രാവിലെ പതിനൊന്നിന് തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് കെ.പി.സുധീറാണ് വിധി പറയുക. വിധി പ്രസ്താവിക്കാനിരിക്കെ, ഇന്റലിജന്‍സ് മുന്നറിയിപ്പ് കണക്കിലെടുത്ത് കോടതിയ്ക്കും പരിസരത്തും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയാല്‍, അക്കാര്യത്തില്‍ ആക്ഷേപമുണ്ടെങ്കില്‍ അത് ബോധിപ്പിക്കാനുള്ള അവസരത്തിനായി ശിക്ഷ വിധിക്കുന്നത് അടുത്ത ദിവസത്തേയ്ക്ക് മാറ്റിവച്ചേക്കും. സംഭവം നടന്ന് ഒരു വര്‍ഷം തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് വിധി വരുന്നത്.
2015 ജനുവരി 29ന് പുലർച്ചെ തൃശൂര്‍ ശോഭാ സിറ്റിയിലെ സുരക്ഷാ ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിപ്പിച്ചും ദേഹോപദ്രവം ഏല്‍പ്പിച്ചും കൊലപ്പെടുത്തിയെന്നതാണ് വ്യവസായിയായി നിസാമിനെതിരെയുള്ള കുറ്റം. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ചന്ദ്രബോസ് 18 ദിവസത്തെ ചികിത്സയ്ക്ക് ശേഷം മരണത്തിനു കീഴടങ്ങി. എന്നാല്‍ താനൊരു വിഷാദരോഗിയാണെന്നും ചന്ദ്രബോസ് തന്നെയാണ് ആക്രമിച്ചതെന്നുമാണ് നിസാം കോടതിയെ ബോധിപ്പിച്ചത്.
മൂന്ന് കമ്മിഷണര്‍മാര്‍ മേല്‍നോട്ടം വഹിച്ച്, പേരാമംഗലം സി.ഐ പി.സി.ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിച്ച കേസില്‍ 79 ദിവസത്തെ വിചാരണക്കൊടുവില്‍ ജനുവരി 12നാണ് വാദം പൂര്‍ത്തിയായത്. ഇതിനിടെ വിചാരണ കാലാവധി നീട്ടാനും കേസ് കേരളത്തിനു പുറത്തേയ്ക്ക് കൊണ്ടുവരാനും നിസാം ശ്രമിച്ചെങ്കിലും നീക്കങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു. നിസാമിന്റെ ജാമ്യപേക്ഷ തള്ളിക്കൊണ്ട് ജനുവരി 31നകം വിധി പറയണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.