തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ മുഹമ്മദ് നിഷാം കുറ്റക്കാരനെന്ന് കോടതി. തൃശൂര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. ശിക്ഷ നാളെ പ്രസ്താവിക്കും.
കൊലപാതകം അടക്കം നിഷാമിനെതിരേ ചുമത്തിയ ഒന്‍പത് വകുപ്പുകളിലും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി പരിഗണിച്ച് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചു. ചന്ദ്രബോസിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരമായി ഈടാക്കി നല്‍കണമെന്നും പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെട്ടു.
എന്നാല്‍ കരുതിക്കൂട്ടിയുള്ള കൊലപാതകം അല്ല നടന്നതെന്നും യാദൃശ്ചികമായി സംഭവിച്ചതാണെന്നും പ്രതിഭാഗം വാദിച്ചെങ്കിലും കോടതി ഇത് തള്ളിക്കളഞ്ഞു. എന്നാല്‍ കൂട്ടുകുടുംബത്തിലാണ് കഴിയുന്നതെന്നും കുടുംബത്തിന്റെ ഏക ആശ്രയമാണെന്നും അതുകൊണ്ട് തന്നെ ശിക്ഷയില്‍ ഇളവ് നല്‍കണമെന്നും നിഷാം കോടതിയില്‍ അപേക്ഷിച്ചു.
കഴിഞ്ഞ ജനുവരി 29 നാണ് തൃശൂര്‍ ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വ്യവസായി നിഷാം ആക്രമിച്ചത്. ഗേറ്റ് തുറക്കാന്‍ വൈകിയതിനെ തുടര്‍ന്ന് മര്‍ദ്ദിച്ചും കാറിടിപ്പിച്ചും ചന്ദ്രബോസിനെ പരിക്കേല്പിക്കുകയായിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെ ഫെബ്രുവരി 16 നാണ് ചന്ദ്രബോസ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ബുധനാഴ്ചയാണ് കേസില്‍ 79 ദിവസത്തെ വിചാരണ പൂര്‍ത്തിയാക്കിയത്. ജനവരി 31 നകം കേസില്‍ വിധി പറയണമെന്ന് സുപ്രീകോടതി ഉത്തരവ് നിലനില്‍ക്കുന്നുണ്ട്. അഡ്വ. സി.പി. ഉദയഭാനുവാണ് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. അന്വേഷണ ഉദ്യോഗസ്ഥനായ പേരാമംഗലം സി.ഐ ബിജുകുമാറാണ് കുറ്റപത്രം സമര്‍പ്പിച്ചത്.