അമൃത്സര്‍: പഠാന്‍കോട്ട് ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഗുര്‍ദാസ്പൂര്‍ മുന്‍ എസ്പി സാല്‍വിന്ദര്‍ സിംഗിന്റെ വീട്ടില്‍ ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഭീകരര്‍ തട്ടിക്കൊണ്ടുപോകുമ്പോള്‍ സാല്വീന്ദറിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെയും പാചകകാരന്റെയും വീട്ടിലും എന്‍ഐഎ സംഘം റെയ്ഡ് നടത്തി.
പലവട്ടം സാല്‍വീന്ദര്‍ സിംഗിനെ ചോദ്യം ചെയ്തിരുന്നെങ്കിലും പരസ്പര വിരുദ്ധമായ മറുപടികളായിരുന്നു ഇയാള്‍ നല്‍കിയത്. ഇതേ തുടര്‍ന്നായിരുന്നു പരിശോധന. പഠാന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തില്‍ ഭീകരര്‍ എത്തിയത് ഇയാളുടെ വാഹനം തട്ടിയെടൂത്തായിരുന്നു. പിന്നീട് സാല്‍വീന്ദര്‍ സിങ്ങിനെ പലതവണ ചോദ്യം ചെയ്തപ്പോഴും മൊഴികളില്‍ വൈരുദ്ധ്യം ഉണ്ടായിരുന്നു.
മാത്രമല്ല വാഹനം ഭീകരര്‍ തട്ടിയെടുക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന പാചകക്കാരന് മദന്ഗോപാലിന്റെയും സുഹൃത്ത് രാജേഷ് വര്‍മയുടെയും മൊഴികളും സാല്‍വീന്ദര്‍ സിങിന്റെ മൊഴികളും തമ്മില്‍ പൊരുത്തക്കേടുകളും ഉണ്ടായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം സാല്‍വീന്ദര്‍ സിങിനെ ഡല്‍ഹിയിലെത്തിച്ച് ചോദ്യം ചെയ്യുകയും നുണപരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തു.
തുടരന്വേഷണത്തിന്റെ ഭാഗമായാണ് പഞ്ചാബിലുള്ള ഇവരുടെ വസതികളില്‍ എന്‍ഐഎ റെയ്ഡ് നടത്തിയത്. ഗുര്‍ദാസ്പൂരിലെ നാലിടങ്ങളിലും അമൃത്സറിലെ രണ്ടിടങ്ങളിലുമായി ആറിടങ്ങളിലായിരുന്നു റെയ്ഡ്.