ചെന്നൈ: ദേശീയ പതാക കത്തിക്കുന്ന ഫോട്ടോ ഫേസ്ബുക്കിലിട്ട സംഭവത്തില്‍ നാഗപട്ടണം സ്വദേശിയായ ദിലീപന് മഹേന്ദ്രനെന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ് വിപ്ലവ നേതാവ് പെരിയാറിന്റെ അനുയായി ആണെന്നാണ് ഫെയ്സ്ബുക് പ്രൊഫൈലില്‍ ഇയാള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ഇയാള്‍ ദേശീയ പതാക കത്തിക്കുന്ന ചിത്രങ്ങള്‍ ഫേസ്ബുക്കിലിട്ടത്. സംഭവം വിവാദമായതോടെ മണിക്കൂറുകള്‍ക്കകം ചിത്രങ്ങള്‍ പിന്‍വലിച്ചെങ്കിലും അതിനോടകം തന്നെ ഇത് സ്ക്രീന്‍ഷോട്ടുകളായി പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ദിലീപിനെതിരേ ഉയര്‍ന്നത്.
ചിത്രങ്ങള്‍ പ്രചരിച്ചതോടെ ഇയാള്‍ക്കെതിരേ പരാതിയുമായി പലരും പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
തമിഴ്നാട്ടിലെ വില്ലുപുരത്ത് മൂന്ന് വിദ്യാര്‍ഥിനികള്‍ കിണറ്റില്‍ ചാടി ജീവനൊടുക്കിയ സംഭവത്തിലും ഹൈദരാബാദ് സര്‍വ്വകലാശാലയിലെ രോഹിത് വെമുലയുടെ ആത്മഹത്യയിലും വള്ളുവര്‍കോട്ടത്ത് നടന്ന പ്രതിഷേധങ്ങളില്‍ ഇയാള്‍ പങ്കെടുത്തതിന്റെ ചിത്രങ്ങളും ഫേസ്ബുക്കിലുണ്ട്. അതേസമയം ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.