മുംബൈ: ബോളിവുഡ് താരം അനുപം ഖേറിന് പാകിസ്ഥാന് വീസ നിഷേധിച്ചു. വെള്ളിയാഴ്ച ആരംഭിക്കുന്ന കറാച്ചി സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് അനുപം ഖേര്‍ വീസയ്ക്ക് അപേക്ഷ നല്‍കിയിരുന്നത്. നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് കാട്ടിയാണ് വീസ അപേക്ഷ നിരസിച്ചത്.
ട്വിറ്ററിലൂടെയാണ് അനുപം ഖേര്‍ ഇക്കാര്യം അറിയിച്ചത്. അപേക്ഷിച്ച 18 പേരില്‍ പതിനേഴ് പേര്‍ക്കും വീസ അനുവദിച്ചതായി അദ്ദേഹം പറഞ്ഞു. തന്റെ അപേക്ഷ മാത്രം നിരസിക്കുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കറാച്ചി സാഹിത്യോത്സവത്തിന്റെ സംഘാടകരാണ് അതിഥിയായി അനുപം ഖേറിനെ ക്ഷണിച്ചിരുന്നത്.
അതേസമയം അനുപം ഖേര്‍ വീസയ്ക്കുള്ള നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും അപേക്ഷ നല്‍കിയില്ലെന്നും മറ്റുമാണ് പാക് ഹൈക്കമ്മീഷന്റെ പ്രതികരണം. പാകിസ്ഥാനിലെ പ്രശസ്തമായ സാഹിത്യോത്സവമാണ് കറാച്ചിയിലേത്. വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ കറാച്ചിയിലെ ബീച്ച് ലക്ഷ്വറി ഹോട്ടലിലാണ് ഇക്കുറി സാഹിത്യോത്സവം നടക്കുന്നത്. അനുപം ഖേര്‍ ഇന്ത്യയില്‍ സ്വീകരിക്കുന്ന നിലപാടുകളുടെ പശ്ചാത്തലത്തിലാണ് വീസ നിഷേധിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
കഴിഞ്ഞ മെയിലും അനുപം ഖേറിന് പാകിസ്ഥാന് വീസ നിഷേധിച്ചിരുന്നു. ലാഹോറില്‍ ഒരു എന്‍ജിഒ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു അന്ന് അനുപം ഖേറിനെ ക്ഷണിച്ചിരുന്നത്.