കൊച്ചി: ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഫസല്‍ വധക്കേസിലെ പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും നല്കിയ അപേക്ഷ ഹൈക്കോടതി തളളി. ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍ നിര്‍ത്തി സിപിഎം വിജയിപ്പിച്ചിരുന്നു. നിലവില്‍ തലശേരി മുന്‍സിപ്പല്‍ ചെയര്‍മാനാണ് കാരായി ചന്ദ്രശേഖരന്. കാരായി രാജന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ്. ഇതിന്റെ മറവിലായിരുന്നു ജില്ലയില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ഇരുവരും കോടതിയെ സമീപിച്ചത്.
ഭരണനിര്‍വ്വഹണത്തിനായി ജില്ലയില്‍ പ്രവേശിക്കേണ്ടതുണ്ടെന്നായിരുന്നു ഇരുവരുടെയും വാദം. എന്നാല്‍ ഇത് അനുവദിച്ചാല്‍ കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്തി വിചാരണ അട്ടിമറിക്കാനുള്ള സാദ്ധ്യത ഉണ്ടെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ഇരുവരുടെയും രാഷ്്ട്രീയ സ്വാധീനവും കോടതിയില്‍ സിബിഐ ബോധിപ്പിച്ചു. തുടര്‍ന്നാണ് കോടതി അപേക്ഷ തള്ളിയത്. ജാമ്യവ്യവസ്ഥ അനുസരിച്ച് കണ്ണൂരിലേക്ക് പോകാന്‍ കഴിയില്ലെന്ന് അറിഞ്ഞുകൊണ്ടാണ് ഇരുവരും തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നും ജാമ്യവ്യവസ്ഥ മറികടക്കാനുളള നീക്കമായിരുന്നു ഇതെന്നും സിബിഐ ചൂണ്ടിക്കാട്ടിയിരുന്നു.
കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ഇരുവര്‍ക്കും പ്രത്യേക സിബിഐ കോടതി ജാമ്യം അനുവദിച്ചിരുന്നത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനും മറ്റും കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് ഇരുവരും ജില്ലയില്‍ പ്രവേശിച്ചത്.