ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിനെതിരേ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത് പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന വിശ്വാസങ്ങളെ ചോദ്യം ചെയ്ത്. ശിവന്റെയും മോഹനിയുടെയും പുത്രനാണ് അയ്യപ്പനെന്നത് തെറ്റായ ഐതിഹ്യമാണെന്നും സ്ത്രീകളെ ശബരിമലയില്‍ നിന്ന് അകറ്റി നിര്‍ത്താനുള്ള തന്ത്രം മാത്രമാണ് 41 ദിവസത്തെ പരിപാവനമായ മണ്ഡലവ്രതമെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
ശബരിമലയില്‍ പ്രവേശിക്കുകയോ പ്രാര്‍ത്ഥിക്കുകയോ അല്ല പരാതി സമര്‍പ്പിച്ചവരുടെ ലക്ഷ്യമെന്ന് ഹര്‍ജി പൂര്‍ണ്ണമായി പരിശോധിച്ചാല്‍ മനസിലാകും. 2006 ലാണ് യംഗ് ലോയേഴ്സ് അസോസിയേഷന് 54 പേജുള്ള ഹര്‍ജി കോടതിയില്‍ സമര്‍പ്പിച്ചത്. ഹര്‍ജിയിലെ അഞ്ചാമത്തെ പ്രസ്താവന തന്നെ ശബരിമലയിലെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നു. ഇതുള്‍പ്പെടെ ശബരിമലയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന വിശ്വാസങ്ങളെ താറടിച്ചു കാണിക്കുന്ന വാദഗതികളാണ് ഹര്‍ജിയില്‍ ഉടനീളം ഉന്നയിക്കപ്പെട്ടിട്ടുള്ളത്.
ശബരിമലയില്‍ സ്ത്രീകള്‍ക്ക് എന്തിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന സുപ്രീംകോടതിയുടെ ചോദ്യം അടുത്തിടെ രാജ്യമൊട്ടുക്കും ഉള്ള ഹൈന്ദവ വിശ്വാസികള്‍ക്കിടയില്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. ഇത്തരമൊരു ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ച ഹര്‍ജിക്കാരുടെ ഉദ്ദേശ്യശുദ്ധിയും പരക്കെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇതിനെ സാധൂകരിക്കുന്ന തെളിവുകളും പുറത്ത് വരുന്നത്.
എന്നാല്‍ ആരാധനാസമത്വത്തിന് വേണ്ടിയാണ് തങ്ങള്‍ നിലകൊള്ളുന്നതെന്നായിരുന്നു ഹര്‍ജി സമര്‍പ്പിച്ചവരുടെ വാദം. ഇതും പൊള്ളത്തരമാണെന്ന് ഹര്‍ജിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നതിലൂടെ വ്യക്തമാകുന്നു.