പുതുച്ചേരി: കുടുംബം രാഷ്ട്രീയത്തിലാണ് അങ്കം വെട്ടുന്നതെങ്കിലും മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയുടെയും കൊച്ചുമകള്‍ മിറയ വാധ്രയ്ക്ക് കമ്പം ബാസ്്ക്കറ്റ് ബോള്‍ കോര്ട്ടിനോടാണ്. കഴിഞ്ഞ ദിവസം പുതുച്ചേരിയില്‍ നടന്ന സബ് ജൂണിയര്‍ നാഷണല്‍ ബാസ്ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഹരിയാനയ്ക്ക് വേണ്ടിയിറങ്ങിയ മിറയ കോര്‍ട്ടിലെ പ്രകടനത്തെക്കാള്‍ ഉപരി താരപരിവേഷം കൊണ്ടാണ് മാദ്ധ്യമങ്ങളുടെയും കാണികളുടെയും ശ്രദ്ധയാകര്‍ഷിച്ചത്.
പ്രിയങ്ക ഗാന്ധിയുടെ മകളാണ് മിറയ. പുതുച്ചേരി രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തമിഴ്നാടിനെതിരേയാണ് മിറയയുടെ ടീം മത്സരിച്ചത്. അമ്മ പ്രിയങ്ക ഗാന്ധിക്കൊപ്പമായിരുന്നു മിറയ എത്തിയത്. ചെന്നൈ വരെ വിമാനമാര്‍ഗമെത്തിയ ഇരുവരും ഇവിടെ നിന്നും റോഡ് മാര്‍ഗമാണ് പുതുച്ചേരിക്ക് പോയത്.
മത്സരത്തില്‍ ഹരിയാന തോറ്റു പോയെങ്കിലും കോര്‍ട്ടിലെ ചടുല നീക്കങ്ങള്‍ കൊണ്ട് കാണികളുടെ മനം കവര്‍ന്നാണ് മിറയ മടങ്ങിയത്. ടീമിലെ കൂട്ടുകാര്‍ക്കൊപ്പം ഗാലറിയില്‍ ഇരുന്ന് ടൂര്‍ണമെന്റിന്റെ ഭാഗമായ മറ്റ് പരിപാടികള്‍ ആസ്വദിക്കാനും മിറയ തയ്യാറായി.
പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യം കൊണ്ടു തന്നെ ഇരുവരും താമസിച്ചിരുന്ന ഹോട്ടലിലും മറ്റും കനത്ത സുരക്ഷയായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്.