തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളില്‍ പോളിംഗ് പുരോഗമിക്കുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും രാവിലെ മുതല്‍ ഇടവിട്ട് പെയ്ത മഴ പോളിംഗിനെ നേരിയ തോതില്‍ ബാധിച്ചു. വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്.
കാസര്‍ഗോഡും കോഴിക്കോടും 34 ശതമാനവും കണ്ണൂരില്‍ 33 ശതമാനവുമാണ് പോളിംഗ്. മലയോര ജില്ലകളായ ഇടുക്കിയില്‍ 33 ശതമാനവും വയനാട്ടില്‍ 26 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. തിരുവനന്തപുരത്ത് 26 ഉം കൊല്ലത്ത് 30 ശതമാനവുമാണ് പോളിംഗ്. ചില വാര്‍ഡുകളില്‍ വോട്ടിംഗ് യന്ത്രങ്ങളിലെ തകരാറുകള്‍ വിനയായി. കോഴിക്കോട്ട് കോര്പ്പറേഷന് പരിധിക്കുള്ളില്‍ പലയിടത്തും യന്ത്രം പണിമുടക്കി.
ഒഞ്ചിയം, പയ്യോളി, ചക്കിട്ടപാറ തുടങ്ങിയ സ്ഥലങ്ങളിലും യന്ത്രത്തകരാറുണ്ടായി. കണ്ണൂര്‍ തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തില്‍ യന്ത്രത്തകരാര്‍ മൂലം പോളിങ് വൈകിയാണ് ആരംഭിച്ചത്. കൊല്ലത്തും പല ബൂത്തുകളിലും വോട്ടിംഗ് യന്ത്രം പണിമുടക്കി. കുമ്മിള്‍ ഗ്രാമപഞ്ചായത്ത്, പത്തനാപുരം നെടുമ്പുറം, കരുനാഗപ്പള്ളി, ഓച്ചിറ തുടങ്ങിയ സ്ഥലങ്ങളില്‍ വോട്ടിംഗ് യന്ത്രം തകരാറിലായതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. തെക്കന്‍ ജില്ലകളായ തിരുവനന്തപുരത്തും കൊല്ലത്തും മഴ വില്ലനാകുമോയെന്ന ആശങ്കയിലാണ് മുന്നണി നേതാക്കള്‍. കണ്ണൂരില്‍ ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതൊഴിച്ചാല്‍ പോളിംഗ് പൊതുവേ ശാന്തമായിട്ടാണ് പുരോഗമിക്കുന്നത്.
കണ്ണൂര്‍ നഗരസഭയിലെ ചില വാര്‍ഡുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളെ പോളിംഗ് ബൂത്തില്‍ കയറുന്നതില്‍ നിന്ന് സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞത് വാക്കുതര്‍ക്കത്തിനിടയാക്കി. പരിയാരം പഞ്ചായത്തിലെ അഞ്ച്, ആറ് വാര്‍ഡുകളില്‍ വെബ് കാസ്റ്റിംഗ് തടസപ്പെടുത്താന്‍ സിപിഎം പ്രവര്‍ത്തകര്‍ ശ്രമിച്ചതും സംഘര്‍ഷത്തിന് ഇടയാക്കി.