ന്യൂഡൽഹി : ആൽബർട്ട് ഐൻസ്റ്റീൻ സൂചിപ്പിച്ച ഗുരുത്വതരംഗത്തിന്റെ കണ്ടെത്തലിൽ പങ്കാളിയായ ഇന്ത്യൻ ശാസ്ത്രജ്ഞർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം . പ്രപഞ്ചത്തെ മനസ്സിലാക്കാനുള്ള പുതിയ വഴികളാണ് ഇപ്പോൾ തുറന്നിരിക്കുന്നതെന്നും ഈ പരീക്ഷണത്തിൽ പങ്കാളികളായ ഭാരതീയ ശാസ്ത്രജ്ഞരെക്കുറിച്ച് വലിയ അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
നൂറുവർഷം മുൻപ് ഐസ്റ്റീൻ പ്രവചിച്ച ഗുരുത്വതരംഗങ്ങൾ ഇത്ര നാളും ശാസ്ത്രലോകത്തിന് ഒരു സമസ്യയായിരുന്നു . 31 ഭാരതീയരടക്കമുള്ള ആയിരക്കണക്കിന് ശാസ്ത്രഞ്ജർ പതിറ്റാണ്ടുകളായി നടത്തിയ പരീക്ഷണ നിരീക്ഷണങ്ങളാണ് ഒടുവിൽ വിജയം നേടിയിരിക്കുന്നത് . ഗുരുത്വതരംഗങ്ങൾ കണ്ടുപിടിക്കാനായി 1992 ൽ അമേരിക്കയിൽ സ്ഥാപിച്ച “ ലേസർ ഇന്റർഫെറോമീറ്റർ ഗ്രാവിറ്റേഷണൽ വേവ് ഒബ്സർവേറ്ററി “ അഥവാ ലിഗോ പരീക്ഷണമാണ് ഈ ഉജ്ജ്വലമായ നേട്ടം കൈവരിക്കാൻ ശാസ്ത്രലോകത്തെ പ്രാപ്തമാക്കിയത് .
ഇതുവരെ കണ്ടെത്താനാകാത്ത പ്രപഞ്ച രഹസ്യങ്ങൾ ഗുരുത്വ തരംഗത്തിന്റെ രഹസ്യം വെളിവാകുന്നതോടു കൂടി അനാവരണം ചെയ്യാനാകുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ .