ന്യൂഡല്‍ഹി: പാര്‍ലമെന്റ് ആക്രമണക്കേസിലെ മുഖ്യപ്രതിയായിരുന്ന അഫ്സല് ഗുരുവിനെ അനുകൂലിച്ച് പരിപാടികള്‍ സംഘടിപ്പിച്ചവര്‍ക്കെതിരേ രാജ്യദ്രോഹത്തിന് കേസ്. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയിലും ജെഎന്‍യുവിലും പരിപാടികള്‍ സംഘടിപ്പിച്ചവര്ക്കെതിരേയാണ് ഡല്‍ഹി പൊലീസ് കേസെടുത്തിരിക്കുന്നത്. പരിപാടിയില്‍ ഇന്ത്യാ വിരുദ്ധമുദ്രാവാക്യങ്ങളും പാകിസ്ഥാന് അനുകൂല മുദ്രാവാക്യങ്ങളും ഇവര്‍ മുഴക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി.
അഫ്സല് ഗുരുവിന്റെ മൂന്നാം ചരമദിനത്തിലായിരുന്നു പരിപാടികള്‍ സംഘടിപ്പിച്ചത്. ജെഎന്‍യുവില്‍ സര്‍വ്വകലാശാല അധികൃതര്‍ അനുമതി നിഷേധിച്ചിട്ടും ഒരു സംഘം വിദ്യാര്‍ഥികള്‍ പരിപാടിയുമായി മുന്നോട്ടുപോകുകയായിരുന്നു. എബിവിപിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ പരിപാടിയെ എതിര്‍ക്കുകയും സംഭവം സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു. സാംസ്കാരിക പരിപാടിയെന്ന പേരിലാണ് വിദ്യാര്‍ഥികള്‍ പരിപാടിക്ക് അനുമതി തേടിയിരുന്നത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉന്നതതല കമ്മറ്റി രൂപീകരിച്ചതായി ജെഎന്‍യു അധികൃതര്‍ അറിയിച്ചു. സംവാദങ്ങള്‍ക്കുള്ള അവകാശം അനുവദിക്കുമ്പോഴും സര്‍വ്വകലാശാലയുടെ മണ്ണ് ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെ ശക്തമായി അപലപിക്കുന്നതായി ജെഎന്‍യു അധികൃതര്‍ പറഞ്ഞു.
പാര്‍ലമെന്റ് ആക്രമണക്കേസില്‍ പ്രതിയാകുകയും പിന്നീട് കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്ത ഡല്‍ഹി സര്‍വ്വകലാശാല പ്രഫസര്‍ എസ്എആര്‍ ഗിലാനിയുടെ നേതൃത്വത്തിലായിരുന്നു പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ പരിപാടി സംഘടിപ്പിച്ചത്. എസ്എആര്‍ ഗിലാനിയുടെ പേരിലും കേസെടുത്തിട്ടുണ്ട്. ഇയാള്‍ക്ക് സമന്‍സ് അയയ്്ക്കുകയും ചെയ്തു.
രാജ്യദ്രോഹക്കുറ്റത്തിന് പുറമേ ക്രിമിനല്‍ ഗൂഢാലോചനയും നിയമവിരുദ്ധമായി സംഘം ചേര്‍ന്നതിനും ഉള്‍പ്പെടെയാണ് കേസെടുത്തിരിക്കുന്നത്. പരിപാടിയുടെ വീഡിയോ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ സംഘാടകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസ് കൗണ്‍സില്‍ അംഗമായ അലി ജാവേദ് എന്നയാളാണ് പരിപാടിക്കായി വേദി ബുക്ക് ചെയ്തിരുന്നത്. ഇയാള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.