പറ്റ്ന: ബിഹാറില്‍ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ വിശ്വേശ്വര്‍ ഓജ വെടിയേറ്റ് മരിച്ചു. വൈകിട്ട് അറാ മേഖലയില്‍ വെച്ചായിരുന്നു സംഭവം. ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവേ അജ്ഞാതരായ അക്രമികള്‍ തടഞ്ഞുനിര്‍ത്തി വെടിയുതിര്‍ക്കുകയായിരുന്നു. 12 മണിക്കൂറിനുളളില്‍ സംസ്ഥാനത്ത് കൊല്ലപ്പെടുന്ന രണ്ടാമത്തെ ബിജെപി നേതാവാണ് വിശ്വേശ്വര്‍ ഓജ.
രാവിലെ ഛപ്രയില്‍ മറ്റൊരു ബിജെപി നേതാവ് കേദാര്‍നാഥ് സിംഗിനെ ഒരു സംഘം വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. വിശ്വേശര്‍ ഓജയുടെ ഡ്രൈവര്‍ക്കും ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷാഹ്പൂര്‍ മണ്ഡലത്തില്‍ ബിജെപിയുടെ സ്ഥാനാര്‍ഥിയായിരുന്നു വിശ്വേശ്വര്‍ ഓജ. സംഭവത്തെ ബിജെപി കേന്ദ്ര-സംസ്ഥാന നേതാക്കള്‍ അപലപിച്ചു.
സംസ്ഥാനത്ത് ക്രമസമാധാന പാലനം തകര്‍ന്നതായി ബിജെപി ചൂണ്ടിക്കാട്ടി. അതിന് തെളിവാണ് ബിജെപി നേതാക്കള്‍ കൊല്ലപ്പെടുന്നതെന്നും പാര്‍ട്ടി സംസ്ഥാന നേതൃത്വം പറഞ്ഞു. ക്രമസമാധാനം നിയന്ത്രണവിധേയമാക്കാനുള്ള യോഗങ്ങളില്‍ മുഖ്യമന്ത്രി മുടങ്ങാതെ പങ്കെടുക്കുന്നുണ്ടെങ്കിലും കുറ്റവാളികള്‍ പൊലീസിന്റെ നിയന്ത്രണത്തിനും അപ്പുറമാണെന്ന് ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി പറഞ്ഞു.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ബ്രിജ്നാഥി സിംഗ് എന്ന ലോക് ജനശക്തി പാര്‍ട്ടി നേതാവും സംസ്ഥാനത്ത് കൊല്ലപ്പെട്ടിരുന്നു.