പാറ്റ്ന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ ബിഹാറിലെ ആര്‍ജെഡി എംഎല്‍എയ്ക്കെതിരേ പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. നവാദ മണ്ഡലത്തിലെ എംഎല്‍എ രാജ്വല്ലഭ യാദവിനെതിരേയാണ് പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
നളന്ദ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. പെണ്‍കുട്ടി പ്രതിയെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് വാറണ്ട് പുറപ്പെടുവിച്ചതെന്ന് പാറ്റ്ന റേഞ്ച് ഡിഐജി ഷലിന് കുമാര്‍ വ്യക്തമാക്കി. പ്രാഥമിക അന്വേഷണത്തില്‍ ആരോപണം വാസ്തവമെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ അപ്രത്യക്ഷയായിരുന്ന പെണ്‍കുട്ടി തിങ്കളാഴ്ചയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. സുലേഖ ദേവിയെന്ന സ്ത്രീയാണ് തന്നെ എംഎല്‍എയുടെ അടുത്ത് എത്തിച്ചതെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. ബര്‍ത്ത് ഡേ പാര്‍ട്ടിക്കെന്ന് പറഞ്ഞ് ഒരു കെട്ടിടത്തിലെത്തിക്കുകയും അവിടുത്തെ ഒരു മുറിയില്‍ വെച്ച് എംഎല്‍എ പീഡിപ്പിക്കുകയായിരുന്നെന്നും പെണ്‍കുട്ടി പറയുന്നു. ഒപ്പം വന്ന സ്ത്രീ എംഎല്‍എയില്‍ നിന്ന് പണം വാങ്ങുന്നത് കണ്ടുവെന്നും പെണ്‍കുട്ടി പൊലീസിന് നല്കിയ മൊഴിയില്‍ വ്യക്തമാക്കുന്നു.
തിരിച്ചെത്തിയ ശേഷം പെണ്‍കുട്ടി മാതാപിതാക്കളെ വിവരം അറിയിക്കുകയും പൊലീസില്‍ പരാതി നല്കാന് തീരുമാനിക്കുകയുമായിരുന്നു. രാജ്വല്ലഭ യാദവിനെതിരേ നേരത്തെയും പല ക്രിമിനല്‍ കേസുകളും നിലനില്‍ക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.