കൊല്ലം: ആര്. ശങ്കര്‍ പ്രതിമ അനാച്ഛാദനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൊല്ലം സന്ദര്‍ശനം അവിസ്മരണീയമാക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകസമിതി. വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ചേര്‍ന്ന് ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 15നാണ് പ്രധാനമന്ത്രി കൊല്ലത്തെത്തുക.
രാഷ്ട്രീയ നേതാവ്, ഭരണാധികാരി, നവോത്ഥാന നായകന് തുടങ്ങി കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളില്‍ ശ്രദ്ധേയ വ്യക്തിത്വമായിരുന്ന ആര്.ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തുമ്പോള് അത് ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍.
പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ആറായിരത്തോളം പേര്‍ക്ക് ഇരിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജി വിഭാഗത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് വേദിയുടെ നിര്‍മാണം നടന്നു വരുന്നു. ജില്ലാ കളക്ടറുടെയും സംഘാടക സമിതിയുടെയും നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിച്ചാണ് പ്രവര്‍ത്തനം.
പ്രധാനമന്ത്രിയുടെ സുരക്ഷാ വ്യൂഹം കൂടാതെ 1500 പോലീസുകാരെക്കൂടി പ്രത്യേകം വിന്യസിക്കാന്‍ തീരുമാനമുണ്ട്. സുരക്ഷ കണക്കിലെടുത്ത് പരിപാടിക്കായി പ്രത്യേകം പാസ്സും വിതരണം ചെയ്യുന്നുണ്ട്. 15-ാം തീയതി ഉച്ചക്ക് ശേഷം 2.45ന് കൊല്ലത്തെത്തുന്ന പ്രധാനമന്ത്രി എസ്എന്‍ കോളേജില്‍ സ്ഥാപിച്ചിട്ടുള്ള ആര് ശങ്കര്‍ സ്റ്റാച്യൂ കോംപ്ലക്സ് നാടിന് സമര്‍പ്പിക്കും. പ്രതിമാ അനാച്ഛാദനത്തിന് ശേഷം പ്രധാനമന്ത്രി പിന്നീട് ശിവഗിരിയിലേക്ക് തിരിക്കും.