ന്യൂഡല്‍ഹി: അറസ്റ്റിലായ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിച്ചില്ല. കനയ്യയ്ക്ക് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാമെന്ന് കോടതി പറഞ്ഞു. കനയ്യ ഹൈക്കോടതിയില്‍ സുരക്ഷിതനല്ലെന്ന വാദം സുപ്രീംകോടതി തള്ളി.
ഭരണഘടനയുടെ 32-ാം അനുഛേദപ്രകാരമാണ് കനയ്യക്ക് വേണ്ടി സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ ഭരണഘടന കോടതികളെ സമീപിക്കാമെന്ന വ്യവസ്ഥയാണ് 32-ാം അനുഛേദത്തിലുള്ളത്. എന്നാല്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ ഹൈക്കോടതിയെ സമീപിക്കാമെന്നിരിക്കെ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചതെന്തിനാണെന്നും സുപ്രീം കോടതി ചോദിച്ചു.
ജാമ്യത്തിനായി കനയ്യ കുമാര്‍ എന്തുകൊണ്ട് ഇതുവരെ കീഴ്ക്കോടതിയെ സമീപിച്ചില്ലെന്നും സുപ്രീംകോടതി ആരാഞ്ഞു. ജാമ്യത്തിനായി നേരിട്ട് സുപ്രീംകോടതിയെ സമീപിയ്ക്കുന്നത് നല്ല കീഴ്വഴക്കമല്ലെന്ന് അഭിപ്രായപ്പെട്ട സുപ്രീംകോടതി രാജ്യത്തെ എല്ലാ കോടതികളും സുരക്ഷിതമല്ലെന്ന കനയ്യയുടെ വാദം തള്ളുകയും ചെയ്തു. കനയ്യയുടെ അഭിഭാഷക വൃന്ദ ഗ്രോവാറാണ് കസ്റ്റഡിയില്‍ നിന്നും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.
അതിനിടെ, കനയ്യ കുമാറിനെതിരെ തെളിവുകള്‍ ഉണ്ടെന്ന റിപ്പോര്‍ട്ട് ഡല്‍ഹി പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു.