തൃശൂര്‍: പാരിസ്ഥിതിക അനുമതിയില്ലാതെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അനധികൃത ക്വാറികള്‍ തങ്ങളുടെ പ്രവര്‍ത്തനം പുറത്തറിയാതിരിക്കാന്‍ വന്‍ തോതിലാണ് പണം വാരിയെറിയുന്നത്. അധികാരക്കസേരകളില്‍ മുകള്‍ തട്ട് മുതല്‍ താഴെത്തട്ട് വരെ ഇവര്‍ ഈ പടി നല്‍കുന്നു. തൃശൂര്‍ പറളിക്കടവില്‍ ഇത്തരത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറിയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ജനം ടിവി വാര്‍ത്താസംഘത്തെ വന്‍തുക വാഗ്ദാനം ചെയ്താണ് ഇവര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചത്.
തൃശ്ശുര്‍ പാറളിക്കാടിലെ അമല ഗ്രനൈറ്റ്്‌സ് എന്ന ക്വാറിയുടെ പ്രവര്‍ത്തനം സമീപ പ്രദേശങ്ങളിലെ ജനങ്ങളുടെ വീടിനും സ്വത്തിനും ഭീഷണിയാകുന്നുവെന്ന പരാതിയെ തുടര്‍ന്ന് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പേഴാണ് പണം വാഗ്ദാനം ചെയ്ത് സ്വാധീനിക്കാന്‍ സ്ഥാപനത്തിന്റെ മാനേജര്‍ ശ്രമിച്ചത്. ആദ്യ ഗഡുവായി 5000 രൂപ കൈയ്യോടെ തരാമെന്നും ബാക്കി തുക പിന്നാലെ എത്തിക്കൊളളുമെന്നുമായിരുന്നു മാനേജരുടെ വാക്കുകള്‍.
വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാതിരിക്കാന്‍ കഴിയില്ലെന്ന നിലപാട് സ്വീകരിച്ചതോടെ വാര്‍ത്തയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മതിയെന്നായി മാനേജര്‍. വാര്‍ത്ത വരുന്നതില്‍ പ്രശ്‌നമില്ലെന്നും ഇയാള്‍ പറഞ്ഞു. ഈ ക്വാറിയുടെ പ്രവര്‍ത്തനം മൂലം സമീപപ്രദേശത്തെ 100 ഓളം വീടുകളിലെ ജനങ്ങള്‍ ആശങ്കയിലാണ് കഴിയുന്നത്. വീടുകളില്‍ താമസിക്കാന്‍ കഴിയുന്നില്ലെന്നും ഒരോ തവണയും പാറപൊട്ടിക്കുബോള്‍ വീടുകള്‍ കുലുങ്ങുകയാണെന്നും ഇവര്‍ പറയുന്നു. ഈ വീടുകളുടെ ഭിത്തിയിലും പൊട്ടല്‍ വീണിട്ടുണ്ട്.
പരാതികള്‍ വ്യാപകമാണെങ്കിലും ഇത്തരത്തില്‍ പണം വാരിയെറിഞ്ഞ് ഇവയെല്ലാം നിശബ്ദമാക്കുകയാണ് മിക്ക അനധികൃത ക്വാറി ഉടമകളും ചെയ്യുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍ മുതല്‍ ജനപ്രതിനിധികള്‍ വരെയുള്ളവര്‍ക്ക് വിഹിതം ലഭിക്കും. ഓരോ ക്വാറിയില്‍ നിന്നും ലക്ഷങ്ങളാണ് ഉടമകള്‍ക്ക് വരുമാമനമായി ലഭിക്കുന്നത്. ഇതില്‍ നിന്ന് ഒരു ഭാഗം കൈക്കൂലിക്കായി മാറ്റിവെയ്‌ക്കുമ്പോള്‍ ജനങ്ങളുടെ പരാതികള്‍ മേശപ്പുറത്തും ഫയലുകളിലും വിശ്രമം കൊള്ളുകയാണ് പതിവ്.
Leave a Comment