തൊടുപുഴ: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.എം മണി വീണ്ടും പ്രസംഗവിവാദത്തില്‍. പൈനാവ് പോളിടെക്നിക്കിലെ വനിതാ പ്രിന്‍സിപ്പലിനെയും പൊലീസിനെയും അധിക്ഷേപിച്ച് പ്രസംഗിച്ചതിന്റെ പേരില്‍ മണിക്കെതിരേ കേസെടുത്തു.
ജെഎന്‍യു വിഷയത്തില്‍ പൈനാവ് പോളിടെക്നിക്കില്‍ എസ്എഫ്ഐ പഠിപ്പുമുടക്കിയിരുന്നു. എന്നാല്‍ സമരത്തോട് വിയോജിച്ച മറ്റ് വിദ്യാര്‍ഥികളും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ ക്യാമ്പസില്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതിനെതിരേ സംഘടിപ്പിച്ച പ്രതിഷേധയോഗത്തിലായിരുന്നു മണിയുടെ വിവാദ പ്രസംഗം.
എസ്എഫ്ഐ വിദ്യാര്ഥികള്ക്കെതിരേ പൊലീസില്‍ പരാതി നല്കിയ വനിതാ പ്രിന്‍സിപ്പലിന്റെ നടപടിയാണ് മണിയെ ചൊടിപ്പിച്ചത്. പ്രിന്‍സിപ്പാളിനെ സ്വഭാവഹത്യ ചെയ്യുന്ന രീതിയിലുളള പരാമര്‍ശങ്ങളും മണിയുടെ വാക്കുകളില്‍ ഉണ്ടായിരുന്നു. പൊലീസുകാരെല്ലാം വായില്‍ നോക്കികളാണെന്നും എസ്ഐ തന്തയ്ക്ക് പിറക്കാത്ത എന്ത് പണിയും ചെയ്യുന്നവനാണെന്നുമായിരുന്നു പൊലീസുകാര്‍ക്കെതിരായ വിമര്‍ശനം.
പൊലീസുകാരെ അധിക്ഷേപിക്കല്‍, അസഭ്യവര്‍ഷം, കൃത്യനിര്‍വ്വഹണം തടസപ്പെടുത്തല്‍, ഗതാഗതം തടസപ്പെടുത്തി യോഗം ചേരല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് മണിയടക്കം കണ്ടാലറിയാവുന്ന പത്ത് പേര്‍ക്കെതിരേ ഇടുക്കി പൊലീസ് കേസെടുത്തിരിക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം സി.വി വര്‍ഗീസ്, ഏരിയാ സെക്രട്ടറി റോമിയോ സെബാസ്റ്റിയന് എന്നിവരെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. വേദിയില്‍ പ്രസംഗിച്ച സി.വി വര്‍ഗീസ് എസ്ഐയെ കായികമായി കൈകാര്യം ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.