കൊച്ചി: ജഡ്ജിയെ വിമര്‍ശിച്ചതിന്റെ പേരില്‍ കോടതിയലക്ഷ്യക്കേസ് എടുത്ത സംഭവത്തില്‍ മന്ത്രി കെ.സി ജോസഫ് ഹൈക്കോടതിയില്‍ നേരിട്ടെത്തി മാപ്പ് പറഞ്ഞു. രാവിലെ മാപ്പപേക്ഷിച്ച് സത്യവാങ്മൂലം നല്കിയ ശേഷമായിരുന്നു ഉച്ചയ്ക്ക് ശേഷം മന്ത്രി നേരിട്ട് കോടതിയിലെത്തിയത്. എന്നാല്‍ കോടതിയില്‍ മാപ്പ് പറഞ്ഞാല്‍ പോരെന്നും പൊതുമാപ്പ് പറയണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിനെതിരേ ‘ചായത്തൊട്ടിയില്‍ വീണ കുറുക്കന്’ എന്ന പരാമര്‍ശമാണ് കോടതി നടപടികളിലേക്ക് നയിച്ചത്. ഫെയ്സ്ബുക്കിലൂടെയാണ് കെ.സി ജോസഫ് ജസ്്റ്റീസിനെ ആക്ഷേപിച്ചത്. ഒരു കേസിലെ വിരുദ്ധ പരാമര്‍ശത്തിന്റെ പേരിലായിരുന്നു നടപടി. ഇത് ക്രിമിനല്‍ കോടതിയലക്ഷ്യമാണെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു.
വിവാദമായ ഫെയ്സ്ബുക്ക് പോസ്റ്റ് അന്നു തന്നെ പിന്‍വലിച്ചുവെന്നും നിരുപാധികം മാപ്പ് നല്‍കണമെന്നും കെ.സി ജോസഫ് രാവിലെ സത്യവാങ്മൂലത്തില്‍ അപേക്ഷിച്ചിരുന്നു. വി. ശിവന്‍കുട്ടി എംഎല്‍എയാണ് ഫെയ്സ്ബുക്ക് പോസ്റ്റ് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്. കേസ് വീണ്ടും ഈ മാസം 10 ന് പരിഗണിക്കും. അന്ന് നേരിട്ട് ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന മന്ത്രിയുടെ ആവശ്യവും കോടതി തള്ളി .