തൃശ്ശൂര്‍: തൃശൂര്‍ പോലീസ് അക്കാദമിയില്‍ ഐജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന് പൊലീസ് വാഹനങ്ങള്‍ ഓടിച്ചുപഠിക്കുന്ന സംഭവത്തില്‍ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. പോലീസ് അക്കാദമി ഐജി സുരേഷ് രാജ് പുരോഹിതിന്റെ മകനാണ് അക്കാദമി ക്യാമ്പസിനുള്ളില്‍ ഡിപ്പാര്‍ട്ട്മെന്റ് വാഹനങ്ങള്‍ ഓടിച്ചത്. ഇതുസംബന്ധിച്ച് പോലീസുകാര്‍ ദൃശ്യങ്ങള്‍ സഹിതം മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് നടപടി വേണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്.
അക്കാദമി ക്യാമ്പസിനുള്ളില്‍ ഉദ്യോഗസ്ഥര്‍ നോക്കിനില്‍ക്കെയാണ് ഐജിയുടെ മകന് ഔദ്യോഗിക വാഹനങ്ങള്‍ ദുരുപയോഗം ചെയ്തത്. ഐജിയുടെ ഔദ്യോഗിക വാഹനം ഉള്‍പ്പെടെ അക്കാദമിയിലെ ഡിപ്പാര്‍ട്ട്മെന്റ് വാഹനങ്ങളില്‍ മകന് ഡ്രൈവിംഗ് പരിശീലനം നടത്തുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഡ്രൈവറുടെ സാന്നിധ്യത്തില്‍ ഐജിയുടെ നെയിം ബോര്‍ഡും ബീക്കണ്‍ലൈറ്റും വച്ച വാഹനം മകന് ഓടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസുകാര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു. ജീപ്പും, പോലീസ് വാന്‍ എന്നിവ ഉള്‍പ്പെടെ മറ്റ് ഔദ്യോഗിക വാഹനങ്ങളും ഐജിയുടെ മകന് ഓടിച്ചിരുന്നതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഐജിക്കൊപ്പം അക്കാദമിയില്‍ എത്തുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ കുട്ടി മടങ്ങി പോകുന്നതുവരെ വാഹനങ്ങളില്‍ പരിശീലനം തുടരും. വാഹനങ്ങളുടെ പരിസരത്ത് മറ്റ് ഉദ്യോഗസ്ഥര്‍ എത്തുന്നതിനും ഐജി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.