പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിക്കായി നികത്തിയ പ്രദേശത്തെ മണ്ണ് മാറ്റുന്നതുമായി ബന്ധപ്പെട്ട് മണ്ഡലം എംഎല്‍എ കെ. ശിവദാസന്‍ നായരും റവന്യൂമന്ത്രി അടൂര്‍ പ്രകാശും തമ്മിലുളള തര്‍ക്കം മറ നീക്കി പുറത്തുവരുന്നു. മണ്ണ് മാറ്റുന്ന വിഷയത്തില്‍ മന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് കെ. ശിവദാസന്‍ നായര്‍ കുറ്റപ്പെടുത്തി.
മണ്ണ് മാറ്റുന്നതിന്റെ പേരില്‍ നഗ്നമായ കൊള്ളയാണ് ഇവിടെ നടക്കുന്നതെന്നും ശിവദാസന്‍ നായര്‍ കുറ്റപ്പെടുത്തുന്നു. പത്തനംതിട്ട ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളായ ഇരുവരും അടുത്ത കാലത്തായി അത്ര സ്വരച്ചേര്‍ച്ചയില്‍ അല്ല. ഇതിന്റെ ഭാഗമായിട്ടാണ് മന്ത്രിക്കെതിരേ ശിവദാസന്‍ നായര്‍ പരസ്യമായി നീരസം പ്രകടിപ്പിച്ചിരിക്കുന്നത്.
അതേസമയം ആറന്മുള മണ്ഡലത്തിലെ സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കവും പുതിയ ആരോപണങ്ങള്‍ക്ക് പിന്നിലുണ്ടെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ തന്നെ നല്കുന്ന സൂചന. ആറന്മുള വിമാനത്താവളത്തിനായി നികത്തിയ വലിയതോട് മണ്ണ് നീക്കി പുന:സ്ഥാപിക്കണമെന്ന് ഹൈക്കോടതിയാണ് ഉത്തരവിട്ടത്. തോട് നികത്തി കെജിഎസ് ഗ്രൂപ്പിന് കൈമാറിയ ഭൂവുടമ ഏബ്രഹാം കലമണ്ണിലാണ് ഇപ്പോള്‍ മണ്ണ് നീക്കി തോട് പുനസ്ഥാപിക്കുന്നത്.
ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള സമിതിയുടെ മേല്‍നോട്ടത്തിലാണ് മണ്ണ് നീക്കല്‍ നടപടി. മണ്ണ് നീക്കല്‍ തട്ടിപ്പാണെന്നും ഇതിന് അനുമതി കൊടുത്ത ജില്ലാ കളക്ടര്‍ തട്ടിപ്പിന് കൂട്ടുനില്‍ക്കുകയാണെന്നും ശിവദാസന്‍ നായര്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റവന്യൂമന്ത്രിക്കെതിരേയും അദ്ദേഹം പരസ്യമായി രംഗത്തെത്തിയത്.