തിരുവനന്തപുരം: ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ജവാന് എന്‍.എസ് ലെജു ഇനി നാടിന്റെ ധീരമായ ഓര്‍മ്മ. രാവിലെ 10.30 ഓടെ മൃതദേഹം വീടിനോട് ചേര്‍ന്ന് ഒരുക്കിയ കല്ലറയില്‍ സംസ്കരിച്ചു.
ഇന്നലെ രാത്രി 12 മണിയോടെയാണ് ലെജുവിന്റെ മൃതദേഹം ജന്മനാടായ തിരുവനന്തപുരത്ത് എത്തിച്ചത്. പളളിപ്പുറം സൈനിക ക്യാമ്പിലായിരുന്നു മൃതദേഹം സൂക്ഷിച്ചത്. തുടര്‍ന്ന് രാവിലെ ലെജു പഠിച്ച ബാലരാമപുരം ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു.
208 ാം കോബ്ര കമാന്‍ഡോ യൂണിറ്റിലായിരുന്ന ലെജുവിന് വ്യാഴാഴ്ച സുക്മ ജില്ലയിലെ വനത്തില്‍ മാവോയിസ്റ്റ് വേട്ടയ്ക്കിടെയാണ് വെടിയേറ്റത്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം കാട്ടില്‍ നിന്ന് വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതിനിടെ മാവോയിസ്റ്റുകള്‍ ലെജുവിന് നേരെ വീണ്ടും വെടിയുതിര്‍ക്കുകയായിരുന്നു.















