തിരുവനന്തപുരം: കാട്ടായിക്കോണത്ത് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം നടത്തിയ സിപിഎം പ്രവര്‍ത്തകരെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നതായി ആക്ഷേപം. ഇതുവരെ ഒന്‍പത് സിപിഎം പ്രവര്‍ത്തകരെ മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അതിനിടെ കേസ് അട്ടിമറിക്കാനുളള നീക്കത്തിന്റെ ഭാഗമായി ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്ത പൊലീസ് നടപടിയിലും ശക്തമായ പ്രതിഷേധം ഉയരുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംഭവം രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന ഭയത്തിലാണ് പൊലീസിനെ കൂട്ടുപിടിച്ച് കേസ് അട്ടിറിക്കാന്‍ സിപിഎം നീക്കം നടത്തുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തതെന്ന് കരുതുന്നു. എന്നാല്‍ സിപിഎമ്മിന്റെ ഇത്തരം രാഷ്ട്രീയ നീക്കങ്ങള്‍ക്ക് പൊലീസും കൂട്ടുനില്ക്കുന്നതിലാണ് പ്രതിഷേധം ഉയരുന്നത്.
സിപിഎം പ്രവര്‍ത്തകര്‍ കാട്ടായിക്കോണത്ത് സംഘടിതമായി ആക്രമണം നടത്തിയതിന് തെളിവുകള്‍ ഏറെയുണ്ടായിട്ടും ഇതിലുള്‍പ്പെട്ട എല്ലാവരെയും പിടികൂടാന്‍ പോലും പൊലീസ് തയ്യാറാകുന്നില്ല. പേരിന് മാത്രം പത്തോളം പേരെ അറസ്റ്റ് ചെയ്ത് നടപടികള്‍ അവസാനിപ്പിക്കാനാണ് നീക്കം. നാല്പതോളം പേര്‍ക്കെതിരേയാണ് പൊലീസ് കേസെടുത്തിരുന്നത്. പ്രതികള്‍ പ്രദേശത്തുളളവര്‍ തന്നെയാണെങ്കിലും ഉന്നത രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം ഇവരെ പിടികൂടാന്‍ പൊലീസ് തയ്യാറാകുന്നില്ല. പൊലീസിന്റെ ഒത്തുകളി തുടര്‍ന്നാല്‍ പ്രക്ഷോഭം ശക്തമാക്കാനുളള തീരുമാനത്തിലാണ് ബിജെപി.