ഇന്ന് ലോക ഭൗമദിനം. അശാസ്ത്രീയമായ പരിപാലനത്താൽ ഭൂമിയും, അന്തരീക്ഷവും ഇവിടുത്തെ ആവാസവ്യവസ്ഥയും ഒന്നാകെ ചോദ്യചിഹ്നമാകുമ്പോൾ, ലോക ഭൗമദിനത്തിന് പ്രസക്തിയേറെയാണ്.
ഭൂമിയെ സംരക്ഷിക്കേണ്ടത് ആരാണ്? ഈ ചോദ്യത്തിൽ നിന്നു തന്നെ തുടങ്ങേണ്ടിയിരിക്കുന്നു. ഭൂമിയെ സംരക്ഷിക്കാൻ സർവ്വഥാ പ്രതിജ്ഞാബദ്ധരാവേണ്ടതുണ്ട് നമ്മൾ. ഇവിടുത്തെ ആവാസവ്യവസ്ഥയും, പ്രകൃതിയും സംരക്ഷിക്കേണ്ടത് അതിനെ ഏറ്റവും കൂടുതൽ ചൂഷണം ചെയ്യുന്ന നമ്മൾ മനുഷ്യന്റെ തന്നെ കടമയാണ്. ഇന്ന് നമ്മുടെ ജലസ്രോതസ്സുകൾ ഏതാണ്ടെല്ലാം തന്നെ മലിനമാണ്. അന്തരീക്ഷം മലിനം, ഓക്സിജൻ മലിനം ഇങ്ങനെ നാം തന്നെ മലിനപ്പെടുത്തിയ ഒരു അന്തരീക്ഷത്തിലാണ് മനുഷ്യരാശിയുടെ നിലയെന്നത് ചിന്തിക്കാതിരുന്നാൽ സർവ്വനാശമാവും ഫലം.
ആഗോളതാപനവും വരൾച്ചയും ഇന്ന് ഭൂമിയെ ഏതാണ്ട് കത്തിച്ചു തുടങ്ങിയിരിക്കുന്നു. കൊടും വരൾച്ചയിൽ ജലലഭ്യതയില്ലാതെ മരിക്കുന്ന ജീവജാലങ്ങളുടെയും, മനുഷ്യരുടെയും ചിത്രങ്ങൾ മാദ്ധ്യമങ്ങളിൽ ദിനം പ്രതി പ്രത്യക്ഷപ്പെടുന്നു. സൂര്യാഘാതം മൂലം അപകടപ്പെടുകയോ, മരിക്കുകയോ ചെയ്യുന്ന മനുഷ്യരുടെയും, ജീവികളുടെയും വാർത്ത ‘ഹരിതകേരളത്തിന്‘ ഇന്ന് പുതുമയേ അല്ലാതെയാവുന്നു.
രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രശസ്തമായ വരികൾ ഇവിടെ പ്രസ്താവ്യമാണ്. “The world has enough for everyone’s need, but not enough for everyone’s greed” എന്നാണത്. അതായത്, ഈ ലോകത്തിൽ എല്ലാവരുടെയും ആവശ്യകതകളെ നിറവേറ്റാനുളള വിഭവങ്ങൾ ലഭ്യമാണ്. എന്നാൽ അവരുടെ അത്യാർത്തിയെ പരിഹരിക്കാനുളളത് ഇല്ല എന്ന്. ഓരോ ദിവസം കഴിയുമ്പൊഴും ഈ വാചകത്തിന്റെ പ്രസക്തി കൂടുതൽ തെളിമയോടെ ഉയർന്നു വരുന്നു.
അത്യാർത്തിയും, അമിത ലാഭേച്ഛയോടെയുമുളള ചൂഷണം നമ്മുടെ ആവാസവ്യവസ്ഥയെ ഒന്നാകെ തകർത്തു കളയുന്നു. ലഭ്യമായ ജലശ്രോതസ്സുകൾ പോലും അമിത ലാഭേച്ഛയോടെ നമുക്കെടുക്കാവുന്നതിലും പതിനായിരക്കണക്കിനു മടങ്ങ് കൂടുതൽ ചൂഷണം ചെയ്യപ്പെടുന്നു. ഭൂമിയുടെ അടിത്തട്ടിലെ ജലവിതാനം പോലും കുഴൽ കിണറുകളും മറ്റുമുപയോഗിച്ച് കുത്തക കമ്പനികൾ ഭീതിദമാം വിധം ഊറ്റിയെടുക്കപ്പെടുമ്പോൾ, ഭൗമോപരിതലത്തിലെ ജലസാന്നിദ്ധ്യം അപ്രത്യക്ഷമാകുന്നു. ഈ നാടിനെ സമ്പന്നമാക്കിയ, പുല്ലും, പൂവും, കായൽപ്പരപ്പുകളും, വയലേലകളുമെല്ലാം ഒരിറ്റു ദാഹജലം ലഭിക്കാതെ വറ്റി വരളുന്നു.
ജലസ്രോതസ്സുകൾ അനാവശ്യവും, അശാസ്ത്രീയവുമായി നികത്തുന്നതും, കരിമണൽ പോലെയുള്ള പ്രകൃതിദത്ത നിക്ഷേപങ്ങളെ കുറ്റകരമാം വിധം ചൂഷണം ചെയ്യുന്നതും, മാരകരാസവസ്തുക്കൾ കൃഷിയിടത്തിൽ ഉപയോഗിച്ച് അമിതലാഭത്തിനായി ശ്രമിക്കുമ്പോൾ ഈ മണ്ണിനു നഷ്ടമാവുന്ന സ്വാഭാവിക ജൈവസമ്പുഷ്ടിയും തുടങ്ങി ഈ മണ്ണിനെ മൃതിയിലേക്കു വലിച്ചടുപ്പിക്കുന്ന മാരകശക്തികൾ നിരവധിയാണ്.
ജലം മലിനമാകുന്നതോടൊപ്പം, മത്സ്യസമ്പത്തും നമുക്കന്യമാകുന്നു. വാഹനങ്ങളുടെയും, യന്ത്രങ്ങളുടെയും അമിതവും അനാവശ്യവുമായ ഉപയോഗം വളരെ കൂടുതലാണിന്ന്. മലിനീകരണം മാത്രമല്ല അന്തരീക്ഷ താപനിലയെയും ഇതു ഗുരുതരമായി ബാധിക്കുന്നു. ഇങ്ങനെ ഈ ഭൗമദിനത്തിൽ നാം നിശ്ചയമായും ചിന്തിക്കേണ്ട സമസ്യകൾ നിരവധിയാണ്.
‘ഇനിയും മരിക്കാത്ത ഭൂമി..‘ എന്നു പാടിയ കവി പോയി; പക്ഷേ കവിയുടെ ആശങ്ക ഇന്നും അസ്ഥാനത്തല്ലാതെ നമുക്കു മുന്നിൽ ചോദ്യചിഹ്നമാവേണ്ടതുണ്ട്. ഇനിയുമീ മണ്ണിൽ പൂക്കളും, പുഴുക്കളും, കാറ്റും, കാട്ടരുവിയും അവശേഷിക്കേണ്ടതുണ്ട്. അതു മാത്രമാണ് മണ്ണിനെ അമ്മയായി കണ്ട ഒരു രാഷ്‌ട്രത്തിനും, അവിടുത്തെ ജനങ്ങൾക്കും കാലൂന്നി നിൽക്കുന്ന മണ്ണിന് തിരികെ നൽകാൻ കഴിയുന്ന ഒരേയൊരു പ്രത്യുപകാരം. ഇനി വരും തലമുറകൾക്കായി നമുക്കു കരുതി വയ്‌ക്കാൻ കഴിയുന്ന നിധിശേഖരം!
Leave a Comment