പരമേശ്വർജി നവതി ആഘോഷം; രാജ്നാഥ് സിംഗ് മുഖ്യാതിഥിയാകും

Published by
Janam Web Desk

കൊച്ചി: ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി പരമേശ്വര്‍ജിയുടെ നവതിയാഘോഷ പരിപാടികളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് മുഖ്യാതിഥിയാകും. ഏപ്രില്‍ രണ്ടിന് നടക്കുന്ന പരമേശ്വര്‍ജി ആദരണീയ സഭയിലാണ് രാജ്‌നാഥ് സിംഗ് പങ്കെടുക്കുക.

ഏപ്രില്‍ ഒന്ന്, രണ്ട് തീയതികളിലാണ് പരമേശ്വര്‍ജിയുടെ നവതിയാഘോഷങ്ങള്‍ കൊച്ചിയില്‍ നടക്കുക. ഏപ്രില്‍ ഒന്നിന് കലൂര്‍ എജെ ഹാളില്‍ നടക്കുന്ന നവതിയാഘോഷപരിപാടികള്‍ നളന്ദ സര്‍വ്വകലാശാല ചാന്‍സലര്‍ വിജയ് ഭട്കര്‍ ഉദ്ഘാടനം ചെയ്യും.

ദേശീയത മാറുന്ന കാഴ്ചപ്പാടുകളും വെല്ലുവിളികളും എന്ന വിഷയത്തിലുള്ള സെമിനാറില്‍ സ്വദേശി ജാഗരണ്‍ മഞ്ജ് ദേശീയ കണ്‍വീനര്‍ എസ് ഗുരുമൂര്‍ത്തി മുഖ്യപ്രഭാഷണം നടത്തും.

രണ്ടാം തീയതി വികസനം- പരിസ്ഥിതി എന്ന വിഷയത്തിലുള്ള സെമിനാറും നടക്കും. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് അംഗം ഡോക്ടര്‍ വിഎസ് വിജയന്‍, ഡോക്ടര്‍ സഞ്ജീവ് സന്യാല്‍ എന്നിവര്‍ സംസാരിക്കും.

ദേശീയത നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തിലും സെമിനാര്‍ നടക്കും. വൈകീട്ട് നാല് മണിക്ക് ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പി.പരമേശ്വര്‍ജി സമാദരണം പരിപാടിയിലാണ് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പങ്കെടുക്കുക.

രാഷ്‌ട്രീയ സാമൂഹ്യമേഖലയിലെ പ്രമുഖരും അദരണീയ സഭയില്‍ പങ്കെടുക്കും. നവതിയാഘോഷത്തിന്റെ ഭാഗമായി ദേശീയ അന്തര്‍ദേശീയ സെമിനാറുകള്‍, യുവജന സമ്മേളനം, ഗീതാവിചാരസത്രം തുടങ്ങി ഒക്ടോബര്‍ വരെ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

Share
Leave a Comment