ആറന്മുള അഷ്ടമിരോഹിണി വളളസദ്യ ഇന്ന്

Published by
Janam Web Desk

ആറന്മുള: ശ്രീകൃഷ്ണജയന്തിയോട് അനുബന്ധിച്ച് ആറന്മുളയിൽ നടക്കുന്ന ചരിത്ര പ്രസിദ്ധമായ ആഷ്ടമിരോഹിണി വള്ള സദ്യ ഇന്ന് നടക്കും. ഒരുലക്ഷം പേർക്കാണ് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തില്‍ സദ്യതയ്യാറാക്കുന്നത്.

52 കരകളില്‍ നിന്നും പള്ളിയോടത്തില്‍ പാടിത്തുഴഞ്ഞെത്തുന്ന കരക്കാര്‍ പാര്‍ഥസാരഥിയെ സ്തുതിച്ച് വഞ്ചിപ്പാട്ട് പാടി ക്ഷേത്ര തിരുമുറ്റത്ത് നിലത്തിരുന്ന് അന്നമുണ്ണുമ്പോള്‍ ഭക്തരും അതില്‍ പങ്കാളികളായിക്കൊണ്ട് മഹാപ്രസാദം സ്വീകരിക്കും. അവർക്കൊപ്പം ഭഗവാനും പിറന്നാൾ സദ്യ ഉണ്ണാൻ തിരുമുറ്റത്ത് എത്തും എന്നാണ് വിശ്വാസം.

രണ്ട് ദിവസം മുമ്പ് തന്നെ സദ്യക്കുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നു. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള 300 അംഗ സംഘമാണ് സദ്യതയ്യാറാക്കുന്നത്.

ആറന്മുള വർത്തഏരിശ്ശേരി ഉള്‍പ്പടെ പള്ളിയോടകരക്കാർ പാടിചോദിക്കുന്ന വിഭവങ്ങളും തയ്യാറാക്കുന്നുണ്ട്. 350 പറ ആരിയുടെ ചോറും മറ്റ് വിഭവങ്ങളുമാണ് ആറന്മുള ക്ഷേത്ര ഊട്ട് പുരയില്‍ തയ്യാറാക്കുന്നത്.

പഴയിടം മോഹനൻ നമ്പൂതിരിയും സംഘവും ഇത് രണ്ടാം തവണയാണ് ആറന്മുള ആഷ്ടമിരോഹിണി സദ്യ ഒരുക്കുന്നത്. രാവിലെ പതിനൊന്ന് മണിയോടെ കൊടിമരച്ചുവട്ടിൽ ഭഗവനായി സദ്യ വിളമ്പും, പള്ളിയോടങ്ങളിലെത്തുന്ന കരക്കാർ ജലഘോഷയാത്രക്ക് ശേഷം വഞ്ചിപ്പാട്ടിന്‍റെ അകമ്പടിയോടെ ക്ഷേത്രം വലംവച്ചശേഷം സദ്യ സ്വീകരിക്കാൻ തിരുമുറ്റത്ത് എത്തും.

തൂശനിയിലയിലാണ് സദ്യ വിളമ്പുക. വഴിപാട് വള്ളസദ്യക്ക് ഒരുക്കുന്ന ഒട്ടുമിക്ക വിഭവങ്ങളും അഷ്ടമിരോഹിണി സദ്യക്കും ഉണ്ടാകും .

Share
Leave a Comment