മലയാളത്തില്‍ സുപ്രസിദ്ധമെന്നോ കുപ്രസിദ്ധമെന്നോ പറയാവുന്ന ഒരു ചൊല്ലുണ്ട്.
“…… മുട്ടുമ്പോഴല്ല ….. അന്വേഷിക്കാനുള്ളത്”
നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ പിടിപ്പു കേട് കാണുന്ന ആര്‍ക്കും മനസ്സില്‍ ഓടിയെത്തുന്ന ചിന്തയാണിത്. സാധാരണ മനുഷ്യര്‍ ഓരോ അനുഭവങ്ങളില്‍ നിന്നും പാഠം പഠിച്ചുകൊണ്ട് കൂടുതല്‍ കരുത്തരായി മുന്നേറാന്‍ ശ്രമിക്കുമ്പോള്‍, സര്‍ക്കാര്‍ സംവിധാനങ്ങളും ഭരണ നേതൃത്വവും എന്നും ഇരുട്ടില്‍ തപ്പുന്ന കാഴ്ചയാണ് കാണാന്‍ കഴിയുക. അതിനു കാരണം അന്വേഷിച്ച് ഒരിടത്തും പോകേണ്ടതില്ല. സര്‍ക്കാര്‍ കാര്യങ്ങള്‍ക്കൊന്നിനും ആര്‍ക്കും ഉത്തരവാദിത്തം ഇല്ല.
എന്തു സംഭവിച്ചാലും ഉദ്യോഗസ്ഥര്‍ക്ക് രാഷ്‌ട്രീയക്കാരുടെ സംരക്ഷണം കിട്ടും. രാഷ്‌ട്രീയ നേതാക്കളേയും ഭരണാധികാരികളേയും പൊതിഞ്ഞു പിടിക്കാന്‍ യഥേഷ്ടം അണികളും ഉണ്ട്. സ്വന്തം കുടുംബത്തിലുള്ളവര്‍ വിലകൊടുക്കേണ്ടി വരുമ്പോള്‍ അല്ലാതെ ഇത്തരക്കാര്‍ക്ക് സാധാരണ ജനങ്ങള്‍ അനുഭവിക്കുന്ന വേദന ഒരിക്കലും മനസ്സിലാകില്ല. അവരുടെയൊക്കെ കുടുംബങ്ങള്‍ക്കാകട്ടെ പ്രതിസന്ധികള്‍ നേരിടാന്‍ മറ്റു വഴികള്‍ ഉണ്ടു താനും. ചുരുക്കത്തില്‍ സര്‍ക്കാരിനെ കൊണ്ട് കണക്കു പറയിക്കുന്ന ഒരു സംവിധാനം ഉണ്ടാകുന്നതു വരെ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല.
കേരളത്തില്‍ ഇപ്പോള്‍ ഉണ്ടായ പ്രളയ ദുരന്തവും അതിനെ നേരിടാന്‍ കേരള സര്‍ക്കാര്‍ കാണിച്ചു കൂട്ടിയ വാലില്‍ തീപിടിച്ചവന്‍റെ പരാക്രമങ്ങളും ആണ് ഇതെഴുതാന്‍ കാരണം.
ഒരു തീ പിടിത്തം നേരിടാനുള്ള സംവിധാനങ്ങള്‍ നമുക്കറിയാം. സൈറന്‍ ഘടിപ്പിച്ച ഫയര്‍ എഞ്ചിനുകള്‍, വെള്ളം നിറച്ച ടാങ്ക്, ഹോസുകള്‍, പമ്പുകള്‍, പരിശീലനം നേടിയ അഗ്നിശമന സേനാംഗങ്ങള്‍, ഫയര്‍ സ്റ്റേഷനില്‍ എപ്പോഴും പ്രവര്‍ത്തിക്കുന്ന ഫോണ്‍ ഇങ്ങനെ അനേകം ഘടകങ്ങള്‍ കുറ്റമറ്റ രീതിയില്‍ എപ്പോഴും റെഡിയായിട്ടാണ് ഇരിക്കുന്നത്. അങ്ങനെ ഇരുന്നാലേ ആ വകുപ്പിനെ കൊണ്ട് ഉദ്ദേശിച്ച കാര്യം നടക്കൂ… മേല്‍പ്പറഞ്ഞവയില്‍ ഏതെങ്കിലും ഒന്ന് പ്രവര്‍ത്തന ക്ഷമമല്ലെങ്കില്‍ ഉള്ള അവസ്ഥ ആലോചിച്ചു നോക്കൂ. സ്റ്റേഷനിലെ ഫോണ്‍ പ്രവര്‍ത്തന സജ്ജം അല്ലെങ്കില്‍ ? ഫയര്‍ എഞ്ചിന്‍ വാഹനത്തില്‍ ഡീസല്‍ ഇല്ലെങ്കില്‍ ? ഊഹിക്കാവുന്നതേ ഉള്ളൂ. അത്തരം ഒരു സ്ഥിതി വിശേഷം ഒരിക്കലും ഉണ്ടാവില്ല എന്നുറപ്പു വരുത്താന്‍ എല്ലാ സജ്ജീകരണങ്ങളുടേയും പ്രവര്‍ത്തന ക്ഷമത ഇടയ്‌ക്കിടയ്‌ക്ക് പരിശോധിച്ച് ഉറപ്പു വരുത്തിക്കൊണ്ടിരിക്കും. ഇത് ലോകമെങ്ങും എല്ലാ രാജ്യങ്ങളിലും സാമാന്യ ബുദ്ധികൊണ്ടും അനുഭവത്തിന്‍റെ വെളിച്ചത്തിലും കണ്ടെത്തി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഏര്‍പ്പാടാണ്.
വലിയ നാശം വിതയ്‌ക്കാവുന്ന സുനാമി, ആണവ അപകടങ്ങള്‍, ഭൂകമ്പങ്ങള്‍, കൊടുങ്കാറ്റുകള്‍, അണക്കെട്ടിന്‍റെ തകര്‍ച്ച തുടങ്ങി ഏതാണ്ട് ഇരുപതോളം ദുരന്തങ്ങളെ നേരിടാനുള്ള സര്‍ക്കാര്‍ സംവിധാനമാണ് ദുരന്ത നിവാരണ സമിതി. ദേശീയ തലത്തിലും ഓരോ സംസ്ഥാനത്തിലും അതിന് പ്രവര്‍ത്തനമുണ്ട്. ഈ സംവിധാനം സദാ സമയവും പ്രവര്‍ത്തന സജ്ജമാക്കി നിലനിര്‍ത്താന്‍ അനേക കോടി രൂപയും ചെലവഴിക്കപ്പെടുന്നുണ്ട്. കേരളത്തിലെ ദുരന്ത നിവാരണ സംവിധാനം അമ്പേ പരാജയപ്പെട്ട ചിത്രമാണ് ഇക്കഴിഞ്ഞ പ്രളയ ദുരന്തം കാഴ്ചവയ്‌ക്കുന്നത്. ഓരോ ദുരന്തത്തേയും നേരിടാന്‍ അതതിനു പറ്റിയ കുറ്റമറ്റ പ്രതിരോധ സംവിധാനങ്ങള്‍ ഇരുപത്തിനാലു മണിക്കൂറും സജ്ജമായിരിക്കണം എന്നിരിക്കേ, ഇവയെ എല്ലാം ഏകോപിപ്പിക്കുന്ന നിയന്ത്രണ സംവിധാനങ്ങള്‍ എത്ര കണ്ട് കുറ്റമറ്റതും നിഷ്ക്കര്‍ഷമായി പരിശോധിച്ച് കുറവുകള്‍ തീര്‍ത്തവയും ആയിരിക്കണം എന്ന കാര്യം ഒരു കൊച്ചു കുഞ്ഞിനു പോലും മനസ്സിലാക്കാവുന്ന വിധം ലളിതമാണ്. ഒരു രാജ്യത്തെ സൈന്യത്തിന്‍റെ നിയന്ത്രണ കേന്ദ്രം പ്രവര്‍ത്തന ക്ഷമമല്ലാത്ത ഒരു സ്ഥിതി ചിന്തിച്ചു നോക്കൂ. ആ സൈന്യത്തെ കൊണ്ട് പിന്നെ എന്തു ചെയ്യാന്‍ കഴിയും ?

കഴിഞ്ഞ കാലങ്ങളില്‍ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉണ്ടായിട്ടുള്ള വലിയ ദുരന്തങ്ങളെ നേരിട്ട അനുഭവങ്ങളുടെ വെളിച്ചത്തില്‍ അവിടെയെല്ലാം ഇത്തരം പ്രശ്നങ്ങളെ നേരിടാനുള്ള സംവിധാനങ്ങള്‍ വികസിപ്പിച്ച് വിജയകരമായി പ്രവര്‍ത്തിപ്പിച്ചു വരുന്നു. ഉത്തരഖണ്ഡിലെ വെള്ളപ്പൊക്കവും, ഒഡിഷയിലെ കൊടുങ്കാറ്റും ഉദാഹരണങ്ങളാണ്. എല്ലാ സംസ്ഥാനങ്ങളും ഇത്തരം സംവിധാനങ്ങള്‍ ഉണ്ടാക്കി സജ്ജമാക്കി നിലനിര്‍ത്തണം എന്നത് എത്രയോ വര്‍ഷങ്ങളായി കേന്ദ്ര സര്‍ക്കാറിന്‍റെ നിര്‍ദേശങ്ങളില്‍ ഉള്ളതാണ്. എന്നാല്‍ നാഴികയ്‌ക്ക് നാല്‍പ്പതു വട്ടം നമ്പര്‍ വണ്‍ എന്ന് വീമ്പു പറയുന്ന കേരള സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്തിട്ടില്ല എന്ന നഗ്നസത്യമാണ് ഇപ്പോള്‍ തെളിഞ്ഞത്.
ഒരൊറ്റ ഉദാഹരണം കൊണ്ട് ഇത് വ്യക്തമാക്കാം. ഒരു ദുരന്ത നിവാരണ സംവിധാനത്തിന്‍റെ ഏറ്റവും അടിസ്ഥാനമായ കാര്യം അതിന്‍റെ നാഡീ കേന്ദ്രമെന്ന് വിശേഷിപ്പിക്കാവുന്ന കണ്ട്രോള്‍ സെന്ററുകള്‍ ആണ്. അത്തരം ഒന്ന് ഉണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒട്ടനവധി കാര്യങ്ങള്‍ ഉണ്ട്. അവയൊക്കെ കൃത്യമായ ഗൃഹപാഠം ചെയ്തിട്ടുള്ളവര്‍ക്ക് മാത്രം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതാണ്. അല്ലെങ്കില്‍ വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന സ്ഥിതി ഉണ്ടാകും. ഉപകാരം ഉണ്ടാവില്ലെന്നു മാത്രമല്ല ദുരന്തത്തിന്‍റെ വ്യാപ്തി കൂട്ടുകയാവും ഫലം. അതു തന്നെയാണ് ഉണ്ടായതും. പ്രളയജലം ഉയര്‍ന്നു തുടങ്ങിയതിനു പിന്നാലെ പതിവു പോലെ കലക്ടറേറ്റുകളില്‍ കണ്ട്രോള്‍ റൂമുകള്‍ തുറന്നു. എന്നാല്‍ പല ജില്ലകളിലും പ്രശ്നം രൂക്ഷമായതോടെ സംസ്ഥാന കണ്ട്രോള്‍ റൂം തന്നെ തിരുവനന്തപുരത്തും തുറക്കേണ്ടി വന്നു.
അവിടങ്ങളിലെ ഫോണ്‍ നമ്പരുകള്‍ സോഷ്യല്‍ മീഡിയകള്‍ വഴി കാട്ടുതീ പോലെ പറന്നു. കിട്ടിയ നമ്പറുകളില്‍ വിവരം അറിയിക്കാന്‍ വിളിക്കുന്നവര്‍ കണക്ഷന്‍ കിട്ടാതെ വരുമ്പോള്‍ മറ്റൊരു നമ്പര്‍ ശ്രമിക്കുന്നത് സ്വാഭാവികമാണ്. അങ്ങനെ സംസ്ഥാനത്തൊട്ടാകെ നിന്ന് സെന്‍ട്രല്‍ കണ്ട്രോള്‍ റൂമിലേക്ക് വിളികള്‍ വന്നു. അതില്‍ നേരത്തെ മറ്റാരെങ്കിലും മറ്റൊരു ജില്ലയില്‍ വിളിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവയും കേട്ടു കേഴ്വിയുടെ അടിസ്ഥാനത്തില്‍ നല്ല ഉദ്ദേശത്തോടെ ആളുകള്‍ റിപ്പോര്‍ട്ട് ചെയ്തവയും എല്ലാം ഉണ്ടായിരുന്നു. ഇത്തരം സ്ഥിതി വിശേഷങ്ങള്‍ ഇതുപോലുള്ള അവസരത്തില്‍ ഉണ്ടാകാറുള്ളത് സാധാരണമാണ്. നൂറുക്കണക്കിന് ആളുകള്‍ പരിഭ്രാന്തരായി സഹായത്തിനായി വിളിക്കുമ്പോള്‍ എമര്‍ജന്‍സി നമ്പര്‍ തിരക്കിലാണ് എന്ന സന്ദേശം കേള്‍ക്കാനിട വരുന്ന മാനസികാവസ്ഥ ആലോചിച്ചു നോക്കൂ.

കേരളത്തിലെ ഉള്‍നാടന്‍ ഗ്രാമങ്ങളിലെ തങ്ങള്‍ക്ക് പേര് പോലും അറിയാത്ത സ്ഥലങ്ങളില്‍ നിന്ന് വിളിക്കുന്ന കോളുകള്‍ അറ്റന്‍ഡ് ചെയ്ത് ഉത്തരം പറയേണ്ടി വരുന്ന, പെട്ടെന്ന് ഇതിനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന്മാരുടെ അവസ്ഥ ആലോചിച്ചു നോക്കൂ. അവര്‍ ഫോണ്‍ എടുത്താല്‍ തന്നെ അവര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും ? ഇതൊക്കെ കൈകാര്യം ചെയ്യാനാണ് കോള്‍ സെന്റര്‍ എന്ന സംവിധാനം. നൂറുക്കണക്കിന് ലൈനുകള്‍ ഉള്ള ഒരൊറ്റ നമ്പര്‍. കോള്‍ അറ്റന്‍ഡ് ചെയ്യാന്‍ പരിശീലനം കിട്ടിയ എക്സിക്യൂട്ടീവുകള്‍. ഷിഫ്റ്റ്കളിലായി ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനം. കിട്ടുന്ന വിവരങ്ങള്‍ കടലാസും പേനയും കൊണ്ട് രേഖപ്പെടുത്താന്‍ കഴിയില്ല.
അതിനായി ഒരു കേന്ദ്രീകൃത ഡാറ്റ കളക്ഷന്‍ സിസ്റ്റം. കോള്‍ എടുക്കുന്ന എക്സിക്യൂട്ടീവുകള്‍ക്ക് ആവശ്യമായ മാപ്പുകള്‍, സ്ഥലനാമങ്ങള്‍, ജിപിഎസ് കോര്‍ഡിനേറ്റുകള്‍, ജില്ലാ ഓഫീസര്‍മാരുടെ നമ്പരുകള്‍, ഏറ്റവും പുതിയ അപ്ഡെറ്റു കള്‍ തുടങ്ങി ആവശ്യമായ എല്ലാ വിവരങ്ങളും വിരല്‍ത്തുമ്പില്‍ തന്നെ കിട്ടാവുന്ന സംവിധാനം, നാട്ടില്‍ പെട്ടുപോയ അന്യഭാഷക്കാരുടെ കോളുകളും, അവരുടെ ബന്ധുക്കളുടെയും മറ്റുമുള്ള കേരളത്തിനു പുറത്തു നിന്നുള്ള വിളികളും അറ്റന്‍ഡ് ചെയ്യാനുള്ള സംവിധാനം. ഇങ്ങനെ ഒരു പറ്റം കാര്യങ്ങള്‍ ഇതില്‍ ചെയ്യാനുണ്ട്. ഇതില്‍ എത്രയെണ്ണം എത്ര സമയം കൊണ്ട് കേരള സര്‍ക്കാര്‍ ചെയ്തു എന്നത് ഒരു ഒന്നൊന്നര ചോദ്യമാണ്. അന്ന് കണ്ട്രോള്‍ സെന്ററുകളിലേക്ക് വിളിച്ചവര്‍ക്ക് അറിയാം അനുഭവം.
സോഷ്യല്‍ മീഡിയകളിലൂടെ നൂറുക്കണക്കിന് നമ്പറുകള്‍ ആണ് ഷെയര്‍ ചെയ്യപ്പെട്ടത്. അപകടത്തില്‍ പെട്ടവരുടെ അമൂല്യമായ ബാറ്ററി ചാര്‍ജ്ജ് ചോര്‍ത്തിക്കളഞ്ഞ് അവരെ കൂടുതല്‍ വലിയ ദുരന്തത്തിലേക്ക് എടുത്തെറിയാന്‍ അതൊന്നു മാത്രം മതി. സമാനമായ ഒരു സ്ഥിതിവിശേഷത്തില്‍ ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഏതെങ്കിലും സംഘടനകളോ വ്യക്തികളോ മുതലെടുക്കാനുള്ള സാദ്ധ്യത പോലുമുണ്ട്. അത്തരക്കാര്‍ കുറേ വ്യാജനമ്പരുകള്‍ കൂടി ഇത്തരത്തില്‍ പ്രചരിപ്പിക്കുന്ന കാര്യം ഓര്‍ത്തു നോക്കുക. ഇതൊന്നും വെറും ഭാവനാ കല്‍പ്പിതമല്ല. 26/11 മുംബൈ തീവ്രവാദി ആക്രമണ സമയത്ത് ഇതുപോലെ പോലീസിനെ വഴിതെറ്റിക്കുന്ന അനേകം വ്യാജഫോണ്‍ കോളുകള്‍ ഉണ്ടായ കാര്യം വിസ്മരിക്കാന്‍ പാടില്ല.
വല്ലപ്പോഴും മാത്രം ഉണ്ടാകുന്ന ദുരന്തങ്ങളെ നേരിടാനായി മാത്രം ഇത്ര വലിയൊരു സംവിധാനം നിലനിര്‍ത്താന്‍ സര്‍ക്കാരിനാവില്ല. എന്നാല്‍ ഇത്തരം ഒരു അടിയന്തിര സാഹചര്യത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കഴിയും. കേരളത്തില്‍ കോള്‍ സെന്ററുകള്‍ നടത്തുന്ന കമ്പനികള്‍ ഇഷ്ടം പോലെയുണ്ട്. കൃത്യമായ ഒരു സെന്‍ട്രല്‍ ഡാറ്റ ബേസ് ഉണ്ടെങ്കില്‍, ഇത്തരം ഒരവസരത്തിനു വേണ്ടി ഒരു കോള്‍ സെന്റര്‍ ഒരുക്കിയെടുക്കാന്‍ രണ്ടു മണിക്കൂര്‍ പോലും അവര്‍ക്ക് വേണ്ടി വരില്ല. അതിന് പരിശീലനം കിട്ടിയ നൂറുക്കണക്കിന് ചെറുപ്പക്കാരും കേരളത്തില്‍ ഉണ്ട്. ഇതൊക്കെ മുന്‍ കൂട്ടി കണ്ട് തയ്യാറെടുപ്പുകള്‍ നടത്തി ക്രമീകരണങ്ങള്‍ ഉണ്ടാക്കി മുന്നോട്ട് പോകുന്നതാണ് ഭരണാധികാരികളില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. അതാണ് കേരളീയര്‍ക്ക് ഇന്നും അപ്രാപ്യമായിരിക്കുന്നതും.
ആദ്യ ദിവസങ്ങളില്‍ കിട്ടിയ നൂറുക്കണക്കിന് ഫോണ്‍ കോളുകള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്തു എന്നത് അന്വേഷിച്ച് വിലയിരുത്തേണ്ട കാര്യമാണ്. ഏതായാലും അത്തരമൊരു തട്ടിക്കൂട്ട് സംവിധാനത്തിന്‍റെ അനിവാര്യമായ തകര്‍ച്ച കണ്ടിട്ടായിരിക്കാം പൊതുജനങ്ങള്‍ക്ക് അടിയന്തിര സഹായാഭ്യര്‍ത്ഥനകള്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാന്‍ ഒരു ഓണ്‍ലൈന്‍ സംവിധാനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. https://keralarescue.in/ ഈ വെബ് സൈറ്റ് തുടക്കം മുതലേ കാണുന്ന ഒരു വ്യക്തിയാണ് ഇതെഴുതുന്നത്. ഇന്നിപ്പോള്‍ ആ സൈറ്റില്‍ കാണുന്നവയില്‍ പകുതി പോലും ഫീച്ചറുകള്‍ പ്രളയം കൊടുമ്പിരിക്കൊണ്ടിരുന്ന ആദ്യ അഞ്ചു ദിവസങ്ങളില്‍ ഉണ്ടായിരുന്നില്ല !
സര്‍വ്വവും വെണ്ണീറായി കഴിഞ്ഞിട്ട് ഫയര്‍ എഞ്ചിന്‍ എത്തി എന്നു പറഞ്ഞതു പോലെ വെള്ളം ഇറങ്ങിക്കഴിഞ്ഞപ്പോള്‍ അന്ന് ആവശ്യമുണ്ടായിരുന്ന പലതും ഇപ്പോള്‍ ആ സൈറ്റില്‍ എത്തിത്തുടങ്ങി. കുറഞ്ഞത് ഒരു പത്തു വര്‍ഷം മുമ്പെങ്കിലും വികസിപ്പിച്ച് ടെസ്റ്റ് ചെയ്ത്, കൈകാര്യം ചെയ്യുന്നവര്‍ക്ക് വേണ്ടത്ര പരിശീലനവും കൊടുത്ത് സ്ഥിരമായി ഏര്‍പ്പെടുത്തിയിരിക്കേണ്ട ഈ സംവിധാനം ചെറുതോണി ഡാമില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുകാന്‍ തുടങ്ങിയതിനു ശേഷമാണ് സര്‍ക്കാറിന്‍റെ ഐ ടി വിദഗ്ദര്‍ പണിയാന്‍ തുടങ്ങിയത് എന്നത് വ്യക്തമാണ്. അതിന് ഇഷ്ടം പോലെ തെളിവുകള്‍ ഉണ്ട്. എത്ര വിദഗ്ദനായ ഒരു എഞ്ചിനീയര്‍ നിര്‍മ്മിച്ചതായാലും, വിവര സാങ്കേതിക സംവിധാനങ്ങളില്‍ തുടക്കത്തില്‍ കുറേ പിഴവുകള്‍ അഥവാ ബഗ്സ് ഉണ്ടാവും. അതുകൊണ്ടു തന്നെ കൃത്യമായ ടെസ്റ്റിങ്ങിലൂടെ കുറവുകള്‍ കണ്ടെത്തി ആ ന്യൂനതകള്‍ പരിഹരിച്ചിട്ടാണ് ഉപയോഗത്തിന് കൊടുക്കുന്നത്.
ന്യൂനതകളില്‍ ചിലവ നിസ്സാരങ്ങള്‍ ആവാമെങ്കില്‍, മറ്റു ചിലവ ആ സംവിധാനത്തിന്‍റെ ലക്ഷ്യത്തെ തന്നെ പരാജയപ്പെടുത്തി കളയുന്ന വിധം ഗുരുതരവും ആയിരിക്കാം.
അത്തരത്തില്‍ ഒരു ഗുരുതരമായ പിഴവോടു കൂടിയാണ് കേരള സര്‍ക്കാര്‍ പ്രളയത്തില്‍ മുങ്ങിത്താഴുന്ന ജനങ്ങളുടെ മുന്നിലേക്ക് റെസ്ക്യൂ സൈറ്റെന്ന ഈ കച്ചിത്തുരുമ്പ് ഇട്ടു കൊടുത്തത്. ഈ സംവിധാനത്തില്‍ സഹായം അഭ്യര്‍ഥിക്കുന്നവരുടെ ഫോണ്‍ നമ്പര്‍ രേഖപ്പെടുത്താന്‍ ഒരു കോളം ഉണ്ട്. രെജിസ്റ്റര്‍ ചെയ്ത കേസുകളുടെ ഡേറ്റാ ബേസ് അന്ന് തുറന്നു നോക്കിയവര്‍ ഞെട്ടിത്തരിച്ചിരിക്കും. കാരണം മരണത്തെ മുഖാമുഖം കാണുന്ന ഗുരുതരമായ ഒരു സ്ഥിതി വിശേഷത്തിനു നടുവില്‍ നിന്നു കൊണ്ട് ഈ അഭ്യര്‍ത്ഥന രെജിസ്റ്റര്‍ ചെയ്ത പലരുടേയും ഫോണ്‍ നമ്പരുകളില്‍ ഒമ്പതക്കം മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ !
എന്നു വച്ചാല്‍ നിങ്ങളെ രക്ഷിക്കാന്‍ തയ്യാറായി അന്ന് മുന്നിട്ടിറങ്ങിയ ആര്‍ക്കെങ്കിലും നിങ്ങളുടെ അപ്പോഴത്തെ പൊസിഷന്‍ അറിയാന്‍ ഒന്നു ബന്ധപ്പെടണം എന്നുണ്ടെങ്കില്‍ അതിന് യാതൊരു മാര്‍ഗ്ഗവും ഉണ്ടായിരുന്നില്ല എന്ന് സാരം. കണ്ട്രോള്‍ റൂമില്‍ ഉള്ളവര്‍ക്കും നിങ്ങളെ പിന്നീട് ബന്ധപ്പെടാന്‍ സാധിക്കുമായിരുന്നില്ല. ഇതിന്‍റെ ഭയാനകത ഇതില്‍ കൂടുതല്‍ വിവരിക്കേണ്ടതുണ്ടോ ? ഒന്നോ രണ്ടോ പത്തോ നമ്പറുകളില്‍ ആണ് ഈ പ്രശ്നം ഉള്ളതെങ്കില്‍ അത് രെജിസ്റ്റര്‍ ചെയ്തവരുടെ കൈപ്പിഴ ആണെന്ന് മനസ്സിലാക്കാം. എന്നാല്‍ സൈറ്റിലേക്ക് വന്ന പതിനായിരത്തോളം അഭ്യര്‍ത്ഥനകളില്‍ നൂറുക്കണക്കിന് എണ്ണത്തില്‍ ഈ പ്രശ്നം കണ്ടപ്പോഴാണ് അതിന്‍റെ കാരണത്തെക്കുറിച്ച് ഒരു സൂചന കിട്ടിയത്.
ഒരു സോഫ്റ്റ്‌വെയര്‍ പെട്ടെന്ന് തട്ടിക്കൂട്ടി ഉണ്ടാക്കി ടെസ്റ്റ് ചെയ്യാതെ ഇതുപോലുള്ള ഒരവസരത്തില്‍ കൊടുത്താലുണ്ടാവുന്ന പ്രശ്നമാണ് ഇവിടെ ഉണ്ടായത്. ഫോണ്‍ രേഖപ്പെടുത്തുന്നവര്‍ അത് പലരീതിയില്‍ ചെയ്യും. ചിലര്‍ മുമ്പില്‍ പൂജ്യം ചേര്‍ക്കും, ചിലര്‍ +91, മറ്റുചിലര്‍ 00 ചേര്‍ക്കും. കാരണം ഇത് ചെയ്യുന്നവര്‍ പല ജില്ലകളിലും പല സംസ്ഥാനത്തും മറ്റു രാജ്യങ്ങളില്‍ നിന്നു പോലുമാണ് ചെയ്യുന്നത്. അപ്പോള്‍ ഇന്ത്യാ കോഡ് വേണോ , പൂജ്യം ചേര്‍ക്കണോ എന്നൊക്കെയുള്ള സംശയങ്ങള്‍ സ്വാഭാവികമായും ഉണ്ടാകും. സൈറ്റില്‍ ഇതിനെക്കുറിച്ച് പ്രത്യേകിച്ച് ഒന്നും പറയുന്നുമില്ല. എന്നാല്‍ എന്റര്‍ ചെയ്യപ്പെടുന്നതില്‍ ആദ്യത്തെ പത്ത് അക്കം മാത്രമേ ഡേറ്റാ ബേസില്‍ സ്റ്റോര്‍ ചെയ്യുന്നുള്ളൂ. അങ്ങനെയാണ് അതിന്‍റെ ഡിസൈന്‍ ചെയ്തു വച്ചിരിക്കുന്നത്. അത് ഈ അഭ്യര്‍ത്ഥന കൊടുത്ത ആള്‍ക്ക് അറിയാനും കഴിയില്ല. ഫലം ഫോണ്‍ നമ്പരുകള്‍ അത് ഉപയോഗിക്കേണ്ടവരുടെ കൈയ്യില്‍ കിട്ടുമ്പോള്‍ എട്ടോ ഒമ്പതോ അക്കങ്ങള്‍ മാത്രമായി ഉപയോഗ ശൂന്യമായി പോകുന്നു.

ഫോണ്‍ നമ്പറിന്‍റെ സ്ഥാനത്ത് 123456789 എന്നെഴുതിയവരും ധാരാളം. അതൊക്കെ ടെസ്റ്റ് കേസായി പൊതുജനങ്ങള്‍ എന്റര്‍ ചെയ്ത് പഠിച്ചതാണെന്ന് കരുതാം. എന്നാല്‍ ഫോണ്‍ നമ്പറിന്‍റെ സ്ഥാനത്ത് വെറും 00 മാത്രമായി ഉള്ള നൂറുക്കണക്കിനു കേസുകള്‍ കാണാനാവും ! ഒരേ കേസ് ഡസന്‍ കണക്കിന് തവണ ചേര്‍ത്തത് എത്രയെങ്കിലും ഉണ്ട്. കൃത്യമായി വികസിപ്പിച്ച് എടുത്ത ഒരു സോഫ്റ്റ്‌വെയറില്‍ അടയ്‌ക്കാവുന്ന നിസ്സാര പഴുതുകള്‍ ആണ് ഇതൊക്കെ. എന്നാല്‍ അതൊക്കെ ഉണ്ടാക്കുന്ന ദോഷം വളരെ വലുതാണ്. ഒരേ കേസ് ആവര്‍ത്തിക്കുന്നത് രക്ഷാ പ്രവര്‍ത്തകരേയും കുഴയ്‌ക്കും. അത് അവരുടെ വിലപ്പെട്ട സമയവും ഊര്‍ജ്ജവും പാഴാക്കാന്‍ ഇടയാക്കും.
പ്രളയത്തിന്‍റെ ആദ്യ ദിവസം മുതല്‍ തന്നെ കാണാതായവരെ അന്വേഷിച്ചുള്ള സോഷ്യല്‍ മീഡിയ സന്ദേശങ്ങള്‍ കിട്ടാന്‍ തുടങ്ങിയിരുന്നു. വിദേശങ്ങളിലും മറ്റുമുള്ളവര്‍ക്ക് നെറ്റ് വര്‍ക്ക് കിട്ടാത്ത ബന്ധുക്കളുടെ വിവരങ്ങള്‍ അറിയാന്‍ ഒരു വഴിയും ഉണ്ടായിരുന്നില്ല. ഏതെങ്കിലും ക്യാമ്പുകളിലോ ആശുപത്രികളിലോ അവര്‍ എത്തിപ്പെട്ടോ എന്നറിയാതെ ആളുകള്‍ പരക്കം പാഞ്ഞു. ലൈവ് വീഡിയോകള്‍ ഇട്ട് ഹൃദയം പൊട്ടി കരഞ്ഞു. സര്‍ക്കാര്‍ വെബ് സൈറ്റില്‍ ക്യാമ്പുകളിലെ ആളുകളെ തിരയാനുള്ള സംവിധാനം ഉണ്ടായിരുന്നു. ഫേസ്ബുക്കില്‍ വന്ന ഒരു സുഹൃത്തിന്‍റെ കാര്യം അന്വേഷിക്കാന്‍ ഞാന്‍ വീണ്ടും ഈ സൈറ്റില്‍ കയറി.

ദുരിതാശ്വാസ ക്യാമ്പുകള്‍ ഉണ്ടെന്ന് കാണിച്ചിട്ടുള്ള ജില്ലകളുടെ പേരുകള്‍ അതിലുണ്ടായിരുന്നു. എന്നാല്‍ ഓരോ ജില്ലയും സെലക്റ്റ് ചെയ്തവര്‍ കണ്ടത് വലിയ തമാശയാണ്. ജനങ്ങളുടെ മുഖത്തു നോക്കി കൊഞ്ഞണം കുത്താന്‍ എന്നപോലെ ആഗസ്ത് 17 വെള്ളിയാഴ്ച വൈകുന്നേരം പോലും സൈറ്റ് കാണിച്ചു കൊണ്ടിരുന്നത് ഈ ജില്ലകളില്‍ എല്ലാം പൂജ്യം ക്യാമ്പുകള്‍ എന്നാണ് ! അതേ സമയം സര്‍ക്കാരിനെ ഉദ്ധരിച്ച് മാദ്ധ്യമങ്ങള്‍ പറഞ്ഞത് ആയിരത്തി അഞ്ഞൂറോളം ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു എന്നാണ്. രണ്ടു ദിവസം കഴിഞ്ഞു തിങ്കളാഴ്ച നോക്കിയപ്പോള്‍ ക്യാമ്പുകളുടെ പേരുകള്‍ ലിസ്റ്റായി കാണിക്കാന്‍ തുടങ്ങി. പക്ഷേ അവിടെയുള്ള അന്തേവാസികളുടെ എണ്ണമായി അപ്പോഴും കാണിച്ചു കൊണ്ടിരുന്നത് വീണ്ടും പൂജ്യമാണ് ! കേരള സര്‍ക്കാറിന്‍റെ ആദ്യത്തെ ഒരാഴ്ചത്തെ ദുരന്ത നിവാരണ പ്രഹസനമാണ് ഇത്. ഇതുപോലെ ആ സര്‍ക്കാര്‍ സൈറ്റിലെ മറ്റു ഭാഗങ്ങള്‍ ഉപയോഗിച്ചിട്ടുള്ളവര്‍ക്ക് ഇതിലേറെ ദുരനുഭവങ്ങള്‍ പറയാനുണ്ടാകും. ഇതൊക്കെ കൊണ്ടാണ് ഏറ്റവും മുകളില്‍ പറഞ്ഞ കാര്യം ആവര്‍ത്തിച്ചു പറയേണ്ടി വരുന്നത് “…… മുട്ടുമ്പോഴല്ല ….. അന്വേഷിക്കാനുള്ളത്”
വെട്ടിക്കൊലയും, ജീവനോടെ ഉപ്പിട്ട് കുഴിച്ചു മൂടലും, മറ്റേപ്പണിയും, ലിസ്റ്റുണ്ടാക്കി അതനുസരിച്ച് 123 കളിയും മാത്രം ശീലിച്ചവര്‍ക്ക് ഉള്ളതല്ല പൊതുഭരണം. അതിന് ഉള്‍ക്കാഴ്ച വേണം, അവധാനത വേണം. ധാര്‍ഷ്ട്യം ഇല്ലാതിരിക്കണം. എന്തിലും ഏതിലും തറ രാഷ്‌ട്രീയം മാത്രം കാണുന്ന മാനസിക നില മാറണം.















