ബേക്കൽ എസ് ഐ യുടെ മേശയിൽ കഞ്ചാവ്,അടിമാലി സ്റ്റേഷനിൽ ‘ പ്രളയത്തിൽ ഒഴുകി വന്ന സ്വർണ്ണം ‘ ; പൊലീസ് സ്റ്റേഷനുകളിലെ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് നിരവധി ക്രമക്കേടുകൾ

Published by
Janam Web Desk

തിരുവനന്തപുരം : സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് നിരവധി ക്രമക്കേടുകൾ.കാസർകോട് ബേക്കൽ സ്റ്റേഷനിൽ എസ് ഐയുടെ മേശയിൽ അനധികൃതമായി സൂക്ഷിച്ച കഞ്ചാവ് വിജിലൻസ് കണ്ടെടുത്തു.

29 കവറുകളിലായി 250 ഗ്രാം കഞ്ചാവ്,5 മൊബൈൽ ഫോണുകൾ,ചെസ്റ്ററിൽ നിന്ന് ബ്രേസ്ലറ്റ്,മോതിരം എന്നിവ അടക്കം 12 ഗ്രാം സ്വർണ്ണം , 3 വാഹനങ്ങളുടെ അസ്സൽ രേഖകൾ,പിഴ അടച്ച 5 രസീത് എന്നിവ കണ്ടെടുത്തു.

സ്റ്റേഷനിൽ കിട്ടിയ അൻപതോളം പരാതികളിൽ രസീത് നൽകിയിട്ടില്ല.ഇത് സ്റ്റേഷനിൽ രേഖപ്പെടുത്തിയിട്ടുമില്ല.കേസുകളിൽ പരാതികാർക്ക് എഫ് ഐ ആർ സൗജന്യമായി നൽകണമെന്നാണ് നിയമം.എന്നാൽ ഇതും പാലിച്ചിട്ടില്ല.

ഇടുക്കി ജില്ലയിലെ 3 പൊലീസ് സ്റ്റേഷനുകളിലെ പൊലീസുകാരിൽ നിന്നും കണക്കിൽപ്പെടാത്ത പണം കണ്ടെത്തി.അടിമാലി സ്റ്റേഷനിൽ പൊലീസ് സ്റ്റേഷനിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന സ്വർണ്ണം കണ്ടെത്തി.ആഭരണങ്ങൾ പ്രളയത്തിൽ ഒഴുകിയെത്തിയെന്നാണ് പൊലീസുകാരുടെ വിശദീകരണം.

സംസ്ഥാനത്തെ 53 സ്റ്റേഷനുകളിലാണ് ഓപ്പറേഷൻ തണ്ടർ എന്ന പേരിൽ വിജിലൻസ് പരിശോധന നടത്തിയത്.

Share
Leave a Comment